പടിഞ്ഞാറൻ കാനഡയിൽ സുസ്ഥിര ലിഥിയം ഖനനത്തിന് തുടക്കമാകുന്നു; പുത്തൻ സാങ്കേതികവിദ്യയുമായി കമ്പനികൾ

By: 600110 On: Feb 4, 2026, 1:02 PM

 

വെസ്റ്റേൺ കാനഡയിലെ ലിഥിയം നിക്ഷേപങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദമായി വേർതിരിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള 'ഡയറക്ട് ലിഥിയം എക്സ്ട്രാക്ഷൻ' (DLE) എന്ന നൂതന സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ പരീക്ഷിക്കാൻ കമ്പനികൾ തയ്യാറെടുക്കുന്നു. ഭൂഗർഭ ജലസ്രോതസ്സുകളിലെ ലവണാംശമുള്ള ജലത്തിൽ നിന്ന് നേരിട്ട് ലിഥിയം വേർതിരിച്ചെടുക്കുന്ന ഈ രീതി, ഖനന മേഖലയിലെ പാരിസ്ഥിതിക ആഘാതം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

ആൽബർട്ട പ്രവിശ്യയിലെ നിലവിലുള്ള എണ്ണ-വാതക ഖനന അടിസ്ഥാന സൗകര്യങ്ങൾ ലിഥിയം ഉൽപ്പാദനത്തിനായി പുനരുപയോഗിക്കാമെന്നത് ഈ പദ്ധതിയുടെ സാമ്പത്തിക നേട്ടം വർദ്ധിപ്പിക്കുന്നു. ലിഥിയം ബാങ്ക് പോലുള്ള മുൻനിര കമ്പനികൾ ഈ മേഖലയിൽ വിപുലമായ നിക്ഷേപങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചുകഴിഞ്ഞു.
ശുദ്ധമായ ഊർജ്ജസ്രോതസ്സുകളിലേക്കുള്ള ആഗോള മാറ്റത്തിൽ ഇലക്ട്രിക് വാഹന ബാറ്ററികളുടെ നിർമ്മാണത്തിന് ലിഥിയം അത്യന്താപേക്ഷിതമാണ്. ചിലെ പോലുള്ള രാജ്യങ്ങളിൽ സ്വീകരിക്കുന്ന  Evaporation method കാനഡയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തതിനാൽ, ഡി.എൽ.ഇ സാങ്കേതികവിദ്യ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പാറകളിൽ നിന്നുള്ള പരമ്പരാഗത ഖനനത്തേക്കാൾ ചെലവ് കുറഞ്ഞതും ജലനഷ്ടം കുറവായതുമായ ഈ പ്രക്രിയയിലൂടെ ലിഥിയം ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്.