ഉപഭോക്താക്കളിൽ നിന്ന് അധിക നിരക്ക് ഈടാക്കി: ബി.എം.ഒ ബാങ്കിന് 40 ലക്ഷം ഡോളർ പിഴ

By: 600110 On: Feb 4, 2026, 12:58 PM

 

ബാങ്ക് സേവനങ്ങളിൽ ഇളവുകൾക്ക് അർഹതയുള്ള ഉപഭോക്താക്കളിൽ നിന്ന് നിയമവിരുദ്ധമായി  ഫീസുകൾ ഈടാക്കിയതിന് ബാങ്ക് ഓഫ് മോൺട്രിയലിന് (BMO) കാനഡയിലെ ഫിനാൻഷ്യൽ കൺസ്യൂമർ ഏജൻസി (FCAC) 40 ലക്ഷം ഡോളർ (ഏകദേശം നാല് മില്യൺ) പിഴ ചുമത്തി. 2010 മുതൽ 2024 വരെയുള്ള കാലയളവിൽ ഏകദേശം 1,01,091 ഉപഭോക്താക്കളെ ഈ പിഴവ് ബാധിച്ചതായാണ് കണക്കുകൾ. ഈ കാലയളവിൽ ഇളവുകൾ ലഭിക്കേണ്ടിയിരുന്ന പ്ലാനുകളിൽ നിന്ന് തെറ്റായ രീതിയിൽ ഫീസ് ഈടാക്കുകയും അത് കൃത്യമായി വെളിപ്പെടുത്തുന്നതിൽ ബാങ്ക് പരാജയപ്പെടുകയും ചെയ്തു.

ഇതിനോടകം തന്നെ 30 ലക്ഷം ഡോളറിലധികം ബാങ്ക് ഉപഭോക്താക്കൾക്ക് തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുകയായ ആറ് ലക്ഷം ഡോളർ, ഉടമകളെ കണ്ടെത്താൻ കഴിയാത്തതിനാൽ ബാങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി.
കാനഡയിൽ പുതുതായി എത്തിയവർ, മെഡിക്കൽ-ഡെൻ്റൽ വിദ്യാർത്ഥികൾ, തദ്ദേശീയരായ ബാങ്കിംഗ് ഉപഭോക്താക്കൾ എന്നിവർക്കായി പ്രത്യേകം വിഭാവനം ചെയ്ത ഡിസ്കൗണ്ട് പ്ലാനുകളിലാണ് പ്രധാനമായും അധിക ചാർജ് ഈടാക്കിയത്. ഈ വിഷയത്തിൽ 500-ലധികം പരാതികൾ ലഭിച്ചിട്ടും ബാങ്കിൻ്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയും പിഴവ് കണ്ടെത്താൻ വൈകിയതും പരിഗണിച്ചാണ് വൻതുക പിഴയായി നിശ്ചയിച്ചത്.  ഉയർന്ന നിലവാരത്തിലുള്ള പ്രവർത്തനരീതിയാണ് പിന്തുടരുന്നതെന്നും, പിഴവ് ശ്രദ്ധയിൽപ്പെട്ടയുടൻ അധികൃതരെ അറിയിക്കുകയും ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബി.എം.ഒ വക്താവ് വ്യക്തമാക്കി.