കാനഡയിലെ പ്രമുഖ തൊഴിൽ പരിശീലന കേന്ദ്രമായ കനേഡിയൻ സ്കിൽസ് ഡെവലപ്‌മെൻ്റ് സെൻ്ററിൻ്റെ (CSDC) സ്ഥാപകനും സി.ഇ.ഒയുമായ ബിജോ സെബാസ്റ്റ്യനെ l ഫോർബ്സ് ബിസിനസ് കൗൺസിലിലേക്ക് തിരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള വിജയകരമായ ബിസിനസ് ഉടമകളുടെയും നേതാക്കളുടെയും കൂട്ടായ്മയാണ് ഫോർബ്സ് കൗൺസിൽ. ബിജോ സെബാസ്റ്റ്യൻ്റെ പ്രവർത്തനമേഖലയിലെ വൈവിധ്യവും ബിസിനസിൽ അദ്ദേഹം കൈവരിച്ച മികച്ച നേട്ടങ്ങളും പരിഗണിച്ചാണ് അംഗീകാരം.
2018-ൽ സി.എസ്.ഡി.സി (CSDC) സ്ഥാപിതമായത് മുതൽ ഏഴായിരത്തിലധികം കുടിയേറ്റക്കാർക്ക് കാനഡയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാൻ ബിജോയും സംഘവും സഹായമേകിയിട്ടുണ്ട്. ഈ അംഗീകാരത്തിലൂടെ ലോകോത്തര ബിസിനസ് നേതാക്കളുമായി സഹകരിക്കാനും ഫോർബ്സ് ഡോട്ട് കോമിലൂടെ (Forbes.com) തൻ്റെ വിദഗ്ദ്ധ അഭിപ്രായങ്ങൾ പങ്കുവെക്കാനുമുള്ള സവിശേഷമായ അവസരമാണ് ബിജോ സെബാസ്റ്റ്യന് ലഭിക്കുന്നത്. പുതിയ ഉത്തരവാദിത്തം കുടിയേറ്റക്കാരെ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പ്രാപ്തരാക്കുന്നതിനും അവർക്ക് മികച്ച തൊഴിൽ അവസരങ്ങൾ കണ്ടെത്തി നൽകുന്നതിനുമുള്ള തൻ്റെ ദൗത്യത്തിന് കരുത്തേകുമെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോഗ്യരംഗം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിൽ പരിശീലനവും ബിസിനസ് മെൻ്റർഷിപ്പും നൽകുന്നതിൽ ബിജോ സെബാസ്റ്റ്യനും അദ്ദേഹത്തിൻ്റെ 'ഇമ്മിഗ്രൻ്റ് ടെയിൽസ്' പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.