പി പി ചെറിയാന്‍
ഡാളസ്: മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകളെ വെടിവച്ചു കൊന്ന അമ്മ അറസ്റ്റില്‍. ഡാളസിലെ ഈസ്റ്റ് ഓക്ക് ക്ലിഫില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്. 49-കാരിയായ ഷാനിക ബാറ്റില്‍ ആണ് തന്റെ മകളായ 28-കാരി തബത ജോണ്‍സിനെ വെടിവച്ചു കൊന്നത്.
തബതയുടെ മദ്യം അമ്മ എടുത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വെടിയേറ്റ തബതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താന്‍ മകളെ ഭയപ്പെടുത്താന്‍ മാത്രമാണ് തോക്കെടുത്തതെന്നും വെടിവെച്ചിട്ടില്ലെന്നുമാണ് അമ്മ പോലീസിനോട് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ നിന്ന് തോക്കും തിരകളും കണ്ടെടുത്ത പോലീസ് ഷാനികയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.