പി പി ചെറിയാന്‍
പ്രമുഖ എന്‍എഫ്എല്‍ (NFL) താരം പാട്രിക് മാലോംസിന്റെ പിതാവും മുന്‍ ബേസ്‌ബോള്‍ താരവുമായ പാട്രിക് മാലോംസ് സീനിയര്‍ ടെക്‌സാസില്‍ വീണ്ടും അറസ്റ്റിലായി. മദ്യപിച്ച് വാഹനമോടിച്ച കേസില്‍ ലഭിച്ച ശിക്ഷാ കാലാവധിയിലെ നിയമങ്ങള്‍ ലംഘിച്ചതിനാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ജയിലിലടച്ചത്. 2024-ലെ മദ്യപിച്ച് വാഹനമോടിച്ച കേസില്‍ അഞ്ച് വര്‍ഷത്തെ പ്രൊബേഷനിലായിരുന്നു (ശിക്ഷാ ഇളവ് കാലാവധി) അദ്ദേഹം ഈ സമയത്ത് മദ്യം ഉപയോഗിക്കരുതെന്ന നിബന്ധന ലംഘിച്ചതിനാണ് നടപടി.
അദ്ദേഹത്തിന്റെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം നിരീക്ഷിക്കാന്‍ ഘടിപ്പിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണത്തില്‍ ജനുവരി ഒന്നിന് ഉയര്‍ന്ന അളവില്‍ മദ്യം കണ്ടെത്തിയിരുന്നു.
മൂന്നാം തവണയും മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം, പ്രൊബേഷന്‍ നിയമങ്ങള്‍ ലംഘിച്ചതോടെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന അവസ്ഥയിലാണ്.
ഇതിനുമുമ്പ് മൂന്ന് തവണ ഇദ്ദേഹം മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായിട്ടുണ്ട്. അമേരിക്കന്‍ സ്‌പോര്‍ട്‌സ് ലോകത്തെ പ്രശസ്തനായ ക്വാര്‍ട്ടര്‍ ബാക്ക് പാട്രിക് മാലോംസിന്റെ പിതാവായ ഇദ്ദേഹം 11 വര്‍ഷം മേജര്‍ ലീഗ് ബേസ്‌ബോളില്‍ (MLB) പിച്ചറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.