ലിബിയന്‍ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സൈഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

By: 600002 On: Feb 4, 2026, 6:24 AM



 


പി പി ചെറിയാന്‍


ലിബിയന്‍ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സൈഫ് അല്‍ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലിബിയയിലെ സിന്താന്‍ (Zintan) നഗരത്തിലുള്ള തന്റെ വസതിയില്‍ വെച്ചാണ് സൈഫ് അല്‍ ഇസ്ലാം കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
 
കുടുംബവുമായി അടുത്ത വൃത്തങ്ങള്‍, അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഖാലിദ് അല്‍ സെയ്ദി, ലിബിയന്‍ മാധ്യമങ്ങള്‍ എന്നിവര്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയ നാല് അക്രമികള്‍ വസതിയിലെ സുരക്ഷാ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയ ശേഷം ഉള്ളില്‍ കടന്ന് വെടിവെക്കുകയായിരുന്നു. ഗാര്‍ഡനില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ ആരാണെന്നോ ലക്ഷ്യമെന്തായിരുന്നു എന്നോ വ്യക്തമല്ല.

2011-ല്‍ ഗദ്ദാഫി കൊല്ലപ്പെട്ടതിന് ശേഷം ലിബിയന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സൈഫ് അല്‍ ഇസ്ലാം, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തിരയുന്ന കുറ്റവാളി കൂടിയായിരുന്നു. 2021-ല്‍ അദ്ദേഹം ലിബിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.