ആൽബർട്ടയിലെമൂന്ന് ജൂനിയർ ഹോക്കി താരങ്ങൾ വാഹനാപകടത്തിൽ മരിച്ചു

By: 600110 On: Feb 3, 2026, 11:05 AM

ആൽബർട്ടയിലെ സതേൺ ആൽബർട്ട മസ്റ്റാങ്‌സ് ടീമിലെ മൂന്ന് ജൂനിയർ ഹോക്കി താരങ്ങൾ വാഹനാപകടത്തിൽ മരിച്ചു. പരിശീലനത്തിന് പോകുന്നതിനിടെയായിരുന്നു അപകടം. കാൽഗറിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്കുള്ള സ്റ്റാവിലിയിൽ  വച്ച് ഇവരുടെ കാർ ഒരു ഗ്രാവൽ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ടീമംഗങ്ങളും കുടുംബങ്ങളും ഹോക്കി ലോകവും ഈ തീരാനഷ്ടത്തിൻ്റെ വേദനയിലാണ്.

കാംലൂപ്‌സിൽ നിന്നുള്ള 18 വയസ്സുള്ള രണ്ട് യുവാക്കളും അലബാമയിൽ നിന്നുള്ള 17 വയസ്സുകാരനുമാണ് മരിച്ചത്. ജെജെ റൈറ്റ്, കാമറൂൺ കാസോർസോ, കേഡൻ ഫൈൻ എന്നിവരാണ് അപകടത്തിൽപ്പെട്ട താരങ്ങൾ. സ്റ്റാവിലിയിൽ നിന്നുള്ള 40 വയസ്സുകാരനായ ട്രക്ക് ഡ്രൈവർക്ക് നിസ്സാര പരിക്കുകൾ മാത്രമേയുള്ളൂ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ടീം ഈ മരണവാർത്ത സ്ഥിരീകരിച്ചു. ചിന്തിക്കാൻ പോലും കഴിയാത്ത വലിയൊരു നഷ്ടം എന്നാണ് എന്ന് അൽബെർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത് സംഭവത്തെ വിശേഷിപ്പിച്ചത്. ആൽബർട്ടയിലെ മുഴുവൻ ഹോക്കി കുടുംബവും മസ്റ്റാങ്‌സിനൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി അവർ കൂട്ടിചേർത്തു. അപകടത്തിൻ്റെ കാരണം പോലീസ് ഇപ്പോഴും അന്വേഷിച്ചു വരികയാണ്.