കാനഡയിൽ നേരത്തെ വസന്തമെത്തുമെന്ന് ഗ്രൗണ്ട്‌ഹോഗ് ഡേ പ്രവചനങ്ങൾ

By: 600110 On: Feb 3, 2026, 11:01 AM

കാനഡയിലുടനീളം ഗ്രൗണ്ട്‌ഹോഗ് ദിനം വ്യാപകമായി ആഘോഷിക്കപ്പെട്ടു. ശാസ്ത്രീയമായ കാലാവസ്ഥാ പ്രവചനങ്ങൾക്കപ്പുറം ഐതിഹ്യങ്ങൾക്കും ആചാരങ്ങൾക്കും പ്രാധാന്യമുള്ളൊരു ദിവസമാണ് ഗ്രൌണ്ട് ഹോഗ് ദിനം. ആറാഴ്ച കൂടി മഞ്ഞുവീഴ്ചയും തണുപ്പും തുടരുമോ, അതോ വസന്തകാലം നേരത്തെയെത്തുമോ എന്നുള്ള പ്രവചനത്തിൻ്റെ ദിവസം കൂടിയാണ് ഇത്. കാനഡയിലെ മിക്ക ഗ്രൗണ്ട്‌ഹോഗുകളും നേരത്തെയുള്ള വസന്തകാലം പ്രവചിച്ചപ്പോൾ, യു.എസ്. ഗ്രൗണ്ട്‌ഹോഗ് പക്സറ്റൗണി ഫിൽ ആറാഴ്ച കൂടി ശീതകാലം തുടരുമെന്ന് പ്രവചിച്ചു.

പെൻസിൽവേനിയ ഡച്ച് (Pennsylvania Dutch) വിശ്വാസങ്ങളിൽ നിന്നാണ് ഈ ആചാരം ഉത്ഭവിച്ചത്. ഈ ദിവസം മാളത്തിൽ നിന്ന് പുറത്തുവരുന്ന ഗ്രൗണ്ട്‌ഹോഗ് സ്വന്തം നിഴൽ കാണുകയാണെങ്കിൽ, അത് ഭയന്ന് തിരികെ മാളത്തിലേക്ക് തന്നെ മടങ്ങുമെന്നും ശീതകാലം ആറാഴ്ച കൂടി നീണ്ടുനിൽക്കുമെന്നുമാണ് വിശ്വാസം. എന്നാൽ ഗ്രൗണ്ട്‌ഹോഗ് നിഴൽ കാണുന്നില്ലെങ്കിൽ വസന്തകാലം നേരത്തെ എത്തും. പ്രശസ്ത  യു.എസ്. ഗ്രൗണ്ട്‌ഹോഗ് പക്സറ്റൗണി ഫിൽ (Punxsutawney Phil) തൻ്റെ നിഴൽ കാണുകയും, ആറാഴ്ച കൂടി ശീതകാലം തുടരുമെന്ന് പ്രവചിക്കുകയും ചെയ്തു.

ഒൻ്റാരിയോയിൽ, വിർട്ടൺ വില്ലി സ്വന്തം നിഴൽ കണ്ടില്ല. അതിനാൽ വസന്തകാലം നേരത്തെ എത്തുമെന്ന് അനൗൺസർ പ്രഖ്യാപിച്ചു. ക്യൂബെക്കിലെ ഫ്രെഡ് ലാ മാർമോട്ടും വസന്തകാലം നേരത്തെ എത്തുമെന്ന് പ്രവചിച്ചു. നോവ സ്കോഷ്യയിൽ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ചടങ്ങ്  നടന്നില്ല. നിഴൽ കണ്ടിട്ടില്ലാത്തതിനാൽ, വസന്തകാലം നേരത്തെ എത്താനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.