പി പി ചെറിയാന്‍
ടെക്‌സസ്: മൂന്ന് വയസ്സുകാരനായ മകനെ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചാക്കി സുഹൃത്തിനൊപ്പം മദ്യപിക്കാന്‍ പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്‌സസ് സ്വദേശിയായ ജസ്റ്റിസ് ലീ മോണ്‍സിബൈസ് ആണ് പിടിയിലായത്. തനിക്ക് മാനസികമായി ഒരു മാറ്റം ആവശ്യമായിരുന്നുവെന്നും അതിനാലാണ് പുറത്തുപോയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ഗോവണിപ്പടിയില്‍ മുഷിഞ്ഞ ഡയപ്പറുമായി ഒറ്റയ്ക്കിരുന്ന കുട്ടിയെ അയല്‍ക്കാരാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ അവര്‍ പോലീസിനെ വിവരമറിയിച്ചു.
പോലീസ് എത്തിയപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ പൂട്ടാത്ത നിലയിലായിരുന്നു. അകത്ത് ആരും ഉണ്ടായിരുന്നില്ല. ഏകദേശം 40 മിനിറ്റിനുശേഷമാണ് അമ്മ വീട്ടിലെത്തിയത്. കുട്ടിയെ ഒരു ബന്ധുവിനെ ഏല്‍പ്പിച്ചാണ് പോയതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ ഈ ബന്ധു വര്‍ഷങ്ങളായി അവിടെ വന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തി.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍, താന്‍ സുഹൃത്തിനൊപ്പം ബാറുകളില്‍ പോയതാണെന്നും കുട്ടിയെ തനിച്ചാക്കിയതാണെന്നും യുവതി സമ്മതിച്ചു. കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. കുട്ടിയെ ഉപേക്ഷിച്ചു പോയ കുറ്റത്തിന് അറസ്റ്റ് ചെയ്ത യുവതിയെ 5,000 ഡോളറിന്റെ ബോണ്ടില്‍ പിന്നീട് വിട്ടയച്ചു.