കടലാമ കരകേറി വന്നാല്‍ കെണിയാകുമോ !

By: 600002 On: Feb 3, 2026, 9:16 AM


 

 

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്‌

 

ഇക്കൊല്ലം നമ്മുടെ കേന്ദ്രസര്‍ക്കാര്‍ സദയം കേരളത്തോട് കാട്ടിയ ഒരേ ഔദാര്യമാണ് കടലാമ സംരക്ഷണം. അതും  കൂടി കിട്ടിയാല്‍ കേരളം സ്വയം പര്യാപ്തതയുടെ നിറകുടം ആയി മാറിയേക്കും.
കുറെ  തെങ്ങ് മുളപ്പിച്ചോളാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ. മണ്ടരിയും ചെല്ലിയും മുടിപ്പിച്ച തെങ്ങുകൃഷിയെ രക്ഷിക്കണമെങ്കില്‍ , റംബൂട്ടാന്‍ പരിരക്ഷിക്കാന്‍ വല കെട്ടുന്നതുപോലെ, വിവിധ നിറത്തിലുള്ള നെറ്റുകള്‍ കെട്ടി നിര്‍ത്തിയാല്‍, നവോഢയായ മണവാട്ടിയെപ്പോലെ അണി നിരന്നു നില്‍ക്കുന്ന കേരനിരകളെ കണ്ടാസ്വദിക്കാന്‍ ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ ഓടിയെത്തും. 

കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണ്.

കേരളത്തോട് എന്ത് അനുഭാവം കാണിച്ചാലും അവിടെ താമര വിരിയിക്കാന്‍ പാടാണെന്ന് അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്‍, ഒന്നും കൊടുക്കേണ്ട എന്ന തീരുമാനമാണ് അങ്ങ് തലസ്ഥാനത്തു നിന്നും കൈക്കൊണ്ടിരിക്കുന്നെങ്കില്‍ ഹാ കഷ്ടം!
നേരെമറിച്ചു പാവം കര്ഷകരെയെങ്കിലും ഗൗനിക്കാഞ്ഞത് തെറ്റായ നയമായിപ്പോയി. ഇന്ത്യയില്‍ വാഹനങ്ങള്‍ വില്‍പ്പനയിലും ഉപയോഗത്തിലും വന്‍ വര്‍ധനയുണ്ടായത് നിസ്സാര കാര്യമല്ല. ശരാശരി രണ്ടും മൂന്നും വാഹനങ്ങള്‍ ഓരോ വീട്ടിലുമുണ്ട്. 

ഗതാഗത, വില്‍പന വിതരണ ശൃംഖലകളില്‍ എത്രയോ വന്‍ വാഹനങ്ങള്‍ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്നു. ഇവയ്ക്കാവശ്യമായ ടയറുകള്‍ നിര്‍മ്മിക്കുന്ന റബ്ബര്‍ പ്രധാനമായും കേരളകര്‍ഷകന്റെ വിയര്‍പ്പിന്റെ ഫലമാണ്. അതിന് താങ്ങുവിലയായി  ഇപ്പോഴത്തെ വിലയില്‍ അമ്പതോ നൂറോ കിലോയ്ക്ക് വര്‍ധിപ്പിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ നെല്ലിനും തേങ്ങയ്ക്കും ന്യായമായ വില നിജപ്പെടുത്തിയിരുന്നെങ്കില്‍, കേരളത്തിലെ കര്‍ഷകര്‍ ഒന്നടങ്കം കേന്ദ്രഗവണ്‍മെന്റിനെ സപ്പോര്‍ട്ട് ചെയ്യുകയില്ലായിരുന്നോ? വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷയ്ക്കുള്ള ചലനമെങ്കിലും സൃഷ്ടിക്കയില്ലായിരുന്നോ? വേണ്ടെന്നാണ് തീരുമാനമെങ്കില്‍ പാളിപ്പോയി നേതാവേ, പാളിപ്പോയി!
പ്രകൃതിദുരന്തത്തില്‍പ്പോലും കണ്ടതല്ലേ നമ്മോടുള്ള സഹാനുഭൂതി?

പക്ഷേ  ചിന്തിച്ചു തുടങ്ങിയ വിഷയം അതല്ലല്ലോ. കേന്ദ്രം പറഞ്ഞുതന്നപ്പോഴാണ്, കേരളത്തിലെ നീറുന്ന പ്രശ്‌നം കടലാമയുടെ പ്രജനനം ആണെന്ന് ഈയുള്ളവനും ബോധ്യമായത്. 

ഇനി എന്തൊക്കെ പുകിലുകളാണോ വരാനിരിക്കുന്നത് ? പാവം മുക്കുവരുടെ വീടുകള്‍ സംരക്ഷിക്കാന്‍ കടല്‍ഭിത്തി കെട്ടാനാവില്ല. പണ്ടത്തെപ്പോലെ കടല് കാണാനെന്നും പറഞ്ഞുകൊണ്ട് കടല്‍ത്തീരത്തുകൂടി ഓടിനടക്കാതിരിക്കാന്‍ നിയമങ്ങള്‍ വന്നേക്കും. 

ഒരു ഹരിദാസും മേനകയും ഇറങ്ങിത്തിരിച്ചപ്പോള്‍ മൃഗസ്‌നേഹം വഴിഞ്ഞൊഴുകിയിട്ടു, കേരളത്തില്‍ നായശല്യവും പേപ്പട്ടി കടിയുമേറ്റ് ആയിരങ്ങള്‍ വലഞ്ഞുകൊണ്ടിരിക്കുന്നു. മൃഗസ്‌നേഹികളെ, മനുഷ്യന്‍ എന്ന മൃഗത്തെ പരിരക്ഷിച്ചു കഴിഞ്ഞു മതി മറ്റു സുന്ദരമായ മൃഗങ്ങള്‍.
കടല്‍ത്തീരത്തു കൂടി അലസമായി നടന്നു കടലാമയുടെ മുട്ടയെങ്ങാനും ചവിട്ടിപ്പൊട്ടിച്ചിട്ടുണ്ടെങ്കില്‍, പ്രജകളെ നിങ്ങളുടെ കാര്യം കട്ടപ്പുക. 

ഞങ്ങള്‍ കടലാമസംരക്ഷണസമിതി (കെ എസ് എസ് ) രൂപം കൊണ്ടുകഴിഞ്ഞു. നായയെ പരിരക്ഷിക്കുന്നതിനേക്കാള്‍, കടലാമയെ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ പുതിയ നിയമങ്ങള്‍ താമസിയാതെ നടപ്പിലാക്കും. ഗ്രീന്‍ ടര്‍ട്ടില്‍, ഒലിവ് റിഡ്‌ലി, ലെതര്‍ ബായ്ക് എന്നതൊക്കെ നമ്മുടെ സ്വന്തമല്ലേ, അവര്‍ക്ക് മറ്റാരുമില്ല, ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെനിന്നും നമ്മുടെ കടല്‍ത്തീരത്തെത്തി  മുട്ടയിട്ടശേഷം ആമകള്‍ മടങ്ങും. മുട്ടകള്‍ വിരിയുന്നത് വരെ അവയെ സംരക്ഷിക്കേണ്ടത് 'നമ്മള്‍ മലയാളികളുടെ മാത്രം' ഉത്തരവാദിത്വമാണ്, അതിന് കേന്ദ്രം നിര്‍ലോഭം വാരിക്കോരിത്തരും. ഇനി അതെങ്കിലും കാത്തിരിക്കാം കൂട്ടരേ!