പി പി ചെറിയാന്‍
അറ്റ്ലാന്റ: അമേരിക്കയിലെ ജോര്‍ജിയയിലുള്ള ഗ്വിനറ്റ് കൗണ്ടിയില്‍ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. പ്രദീപ് തമാങ്ങ് (25) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു ഓഫീസര്‍ ഡേവിഡ് റീഡിന് വെടിയേറ്റെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഏകദേശം 7:30-ഓടെയാണ് ഗ്വിനറ്റ് കൗണ്ടിയിലെ സ്റ്റോണ്‍ മൗണ്ടന്‍ ഭാഗത്തുള്ള ഹോളിഡേ ഇന്‍ എക്സ്പ്രസ് ഹോട്ടലീലാണ് സംഭവം നടന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് പരാതി അന്വേഷിക്കാനായാണ് ഓഫീസര്‍മാര്‍ ഹോട്ടലിലെത്തിയത്.
35-കാരനായ കെവിന്‍ ആന്‍ഡ്രൂസ് എന്നയാളാണ് വെടിവെച്ചത്. പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേല്‍പ്പിക്കുകയും നിലവില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.ഹോട്ടല്‍ മുറിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി അകത്തേക്ക് ക്ഷണിക്കുകയും, സംസാരിക്കുന്നതിനിടെ പെട്ടെന്ന് കൈത്തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് ചീഫ് അറിയിച്ചു. പ്രദീപ് തമാങ്ങ് കഴിഞ്ഞ വര്‍ഷമാണ് ഗ്വിനറ്റ് കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നത്.
ഭൂട്ടാനില്‍ ജനിച്ച് പത്ത് വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ പ്രദീപിന്റെ കുടുംബം വര്‍ഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.