ഡാളസ് പാലത്തിലെ വെടിവെപ്പ്: പ്രതിക്കെതിരെ ഫെഡറല്‍ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി

By: 600002 On: Feb 2, 2026, 11:11 AM



 


പി പി ചെറിയാന്‍

ഡാളസ്: പുതുവത്സര തലേന്ന് ഡാളസിലെ മാര്‍ഗരറ്റ് മക്ഡെര്‍മോട്ട് പാലത്തില്‍  നിന്ന് തിരക്കേറിയ റോഡിലേക്ക് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത കേസിലെ പ്രതിക്കെതിരെ ഫെഡറല്‍ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി. ഗ്രാന്‍ഡ് പ്രേരി സ്വദേശിയായ 18-കാരന്‍ ജോസ് അലാര്‍ക്കണ്‍-സാഞ്ചസിനെതിരെയുള്ള അന്വേഷണത്തിലാണ് നിര്‍ണ്ണായകമായ പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

2025 മെയില്‍ താല്‍ക്കാലിക വിസയില്‍ അമേരിക്കയിലെത്തിയ ഇയാള്‍ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാര്‍ ആയുധം കൈവശം വെക്കുന്നത് കടുത്ത ഫെഡറല്‍ കുറ്റമാണ്.

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എകെ-47 മാതൃകയിലുള്ള റൈഫിള്‍, മൂന്ന് എആര്‍-15 പിസ്റ്റളുകള്‍, മറ്റ് തോക്കുകള്‍ എന്നിവ കണ്ടെടുത്തു. പാലത്തില്‍ നിന്ന് ലഭിച്ച 100-ഓളം വെടിയുണ്ടകളുടെ തോടുകള്‍ ഇയാളുടെ തോക്കുകളില്‍ നിന്നുള്ളതാണെന്ന് ബാലിസ്റ്റിക് പരിശോധനയില്‍ തെളിഞ്ഞു.

പാലത്തില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇയാളും കൂട്ടാളികളും മാറി മാറി വെടിയുതിര്‍ക്കുന്നതിന്റെയും ഇത് മൊബൈലില്‍ പകര്‍ത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.