കാനഡയിലെ പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്ത് പിയറി പൊയിലീവ്രെ തുടരും. കാൽഗറിയിൽ നടന്ന പാർട്ടിയുടെ വാർഷിക കൺവെൻഷനിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 87 ശതമാനം അംഗങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷം നേതൃമാറ്റം വേണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും, പാർട്ടി അംഗങ്ങൾ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു.
മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറിന് ശേഷം ഇത്രയധികം വോട്ടുകൾ നേടി നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് പൊയിലീവ്രെ. തൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയ പ്രസംഗത്തിൽ, കാനഡയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും മുൻഗണന നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പൊയിലീവ്രെയുടെ നേതൃത്വത്തിന് പൂർണ്ണ പിന്തുണ രേഖപ്പെടുത്തി.