ഡാളസിനെ ആവേശത്തിലാഴ്ത്തി സെനറ്റര്‍ ജോണ്‍ കോണ്‍യണ്‍; ഭാരതീയ നിവാസില്‍ പ്രവാസി സംഗമം

By: 600002 On: Feb 2, 2026, 10:49 AM



 


സണ്ണി മാളിയേക്കല്‍

ഡാളസ്: 2026 മാര്‍ച്ച് 3-ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിലവിലുള്ള സെനറ്റര്‍ ജോണ്‍ കോണ്‍യണ്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡാളസ് മെട്രോപ്ലെക്‌സിന്റെ ഹൃദയഭാഗത്തുള്ള ഭാരതീയ നിവാസ് ഗ്രാന്റ് ബാര്‍ റൂമില്‍ വിപുലമായ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ഈ ഒത്തുചേരലിനു ഡോ എ കെ മംഗോ നേതൃത്വം നല്‍കി.

യുഎസില്‍ നിയമപരമായി താമസിക്കുന്ന ഓരോ പൗരനും അര്‍ഹമായ എല്ലാ സംരക്ഷണവും സുരക്ഷയും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് അമേരിക്കയിലെ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സെനറ്റര്‍ ജോണ്‍ കോണ്‍യണ്‍  ഓര്‍മ്മിപ്പിച്ചു. ഇമിഗ്രേഷന്‍ വകുപ്പിന്റെ നിലവിലെ കെടുകാര്യസ്ഥതകള്‍ തിരുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക ലാഭത്തിനായി വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും സോഷ്യല്‍ മീഡിയയിലൂടെ ഭീതി പടര്‍ത്തി വ്യൂവര്‍ഷിപ്പ് കൂട്ടുന്നതുമായ പ്രവണതകള്‍ അവസാനിപ്പിക്കണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി വിസയിലെ നിയന്ത്രണങ്ങള്‍: വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വരുന്ന കുറവിനെക്കുറിച്ച് നോര്‍ത്ത് ടെക്‌സസ് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ സംസാരിച്ചു. ചൈന ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യുഎസ് സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, വരുംകാലങ്ങളില്‍ ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള വിസ അപേക്ഷകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളും ഇന്‍ഷുറന്‍സ് നിരക്കുകളും യോഗത്തില്‍ ചര്‍ച്ചാവിഷയമായി.

ഇന്ത്യയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് സെനറ്റര്‍ വാചാലനായി. ടെക്‌സസില്‍ നടന്ന ചരിത്രപരമായ 'ഹൗഡി മോദി' പരിപാടിയെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. തന്റെ പത്‌നി സാന്‍ഡി കോണ്‍യണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ജന്മദിനാശംസകള്‍ താന്‍ ഇന്നും സ്‌നേഹത്തോടെ ഓര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഷൈജു എബ്രഹാം , ബിജോയ് ബാബു , മാത്യു നൈനാന്‍, തോമസ് വടക്കേമുറി, ചെറിയാന്‍ ചുരനാട്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ , അലക്‌സ് അലക്‌സാണ്ടര്‍, മാത്യു ഈറ്റൂപ്പ് , ഗോപാല പിള്ള , ഷാജി രാമപുരം, ജോജി ജോര്‍ജ്, സണ്ണി മാളിയേക്കല്‍, പി. പി ചെറിയാന്‍, സിജു വി ജോര്‍ജ്, അനശ്വരം മാമ്പിള്ളി തുടങ്ങിയ പ്രമുഖര്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ്, ലയണ്‍സ് ക്ലബ് ഓഫ് ഡാളസ്, കേരള ലിറ്റററി സൊസൈറ്റി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് .വേള്‍ഡ്  മലയാളി കൗണ്‍സില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ചു ചടങ്ങില്‍ പങ്കെടുത്തു.