തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്ന് കടത്തിയ മൂന്ന് വെങ്കല വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കും

By: 600002 On: Feb 2, 2026, 10:44 AM



 

പി പി ചെറിയാന്‍


വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ ഡി.സി.യിലുള്ള സ്മിത്സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് ഏഷ്യന്‍ ആര്‍ട്ട്, ദക്ഷിണേന്ത്യയില്‍ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

വിഗ്രഹങ്ങള്‍: ചോള കാലഘട്ടത്തിലെ 'ശിവ നടരാജന്‍' (990 AD), 'സോമസ്‌കന്ദ' (12ാം നൂറ്റാണ്ട്), വിജയനഗര കാലഘട്ടത്തിലെ 'സെന്റ് സുന്ദരര്‍ വിത്ത് പരവൈ' (16ാം നൂറ്റാണ്ട്) എന്നിവയാണിവ. 1956-നും 1959-നും ഇടയില്‍ ഈ വിഗ്രഹങ്ങള്‍ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്നതായി ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയിലെ രേഖകള്‍ സ്ഥിരീകരിച്ചു.

ഇതില്‍ നടരാജ വിഗ്രഹം ഇന്ത്യയുടെ ഉടമസ്ഥതയിലാണെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം ദീര്‍ഘകാല വായ്പയടിസ്ഥാനത്തില്‍ മ്യൂസിയത്തില്‍ തന്നെ പ്രദര്‍ശനത്തിന് വെക്കും.

2002-ല്‍ ന്യൂയോര്‍ക്കിലെ ഒരു ഗാലറിയില്‍ നിന്നാണ് മ്യൂസിയം നടരാജ വിഗ്രഹം വാങ്ങിയത്. എന്നാല്‍ ഇതിനായി വ്യാജ രേഖകളാണ് നല്‍കിയിരുന്നതെന്ന് മ്യൂസിയം അധികൃതര്‍ കണ്ടെത്തി.

സാംസ്‌കാരിക പൈതൃക വസ്തുക്കള്‍ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മ്യൂസിയം ഡയറക്ടര്‍ ചേസ് എഫ്. റോബിന്‍സണ്‍ പറഞ്ഞു. വിഗ്രഹങ്ങള്‍ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് മ്യൂസിയം പൂര്‍ത്തിയാക്കി വരികയാണ്.