ബുര്‍ജ് ഖലീഫ മുതല്‍ ഫ്രീഡം ടവര്‍ വരെ 

By: 600002 On: Feb 2, 2026, 10:20 AM



 

ജേക്കബ് ജോണ്‍ കുമരകം


മന്‍ഹാട്ടനില്‍ ഞങ്ങള്‍ അങ്ങനെ അധികം പോകാറില്ല . ഏതെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടില്‍ നിന്നോ മറ്റോ വരുമ്പോള്‍ ന്യുയോര്‍ക് നഗരി കാണിക്കലിന്റെ ഭാഗമായി മന്‍ഹാട്ടനില്‍ എത്തുമ്പോളാണ് ഒരിക്കല്‍ ഭൂമിക്കും സ്വര്‍ഗ്ഗത്തിനും ഇടയില്‍ ഒരു കോവണി പോലെ നിന്നിരുന്ന ട്രേഡ് സെന്റര്‍ കെട്ടിട സമുച്ഛയങ്ങള്‍ വീണു മരിച്ച ശ്മശാന ഭൂവില്‍ വീണ്ടും കാലുകുത്തുന്നത് . അമേരിക്ക കാരന്റെ തന്നെയല്ല , എഞ്ചിനീറിങ് വൈദഗ്ധ്യത്തിന്റെ തന്നെ അഭിമാനമായി നട്ടെല്ലുയര്‍ത്തി ഒരു കാലത്തു വിലസിച്ചിരുന്ന മനോഹര സൗധങ്ങള്‍ . ഇന്നിവിടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ അക്കല്ദാമയില്‍, ചോരയുടെ മണമുള്ള , പുകയും ചാരവും അന്തരീക്ഷത്തില്‍ ഒരു മേഘം പോലെ തളം കെട്ടി നില്‍ക്കുന്ന , ഏതോ ശോകഗാനത്തിന്റെ അകമ്പടിയോടെ മനസിനെ വിഷാദത്തിന്റെ ഗര്‍ത്തങ്ങളിലേക്ക് കൊണ്ടുപോകുന്ന ഒരു അജ്ഞാതമായ ഏതോ വികാര വേലിയേറ്റം മനസ്സില്‍ മൂടല്‍ മഞ്ഞുപൊതിയുന്ന പ്രതീതി.

ഇവിടെ നില്‍കുമ്പോള്‍  ഉള്ളിന്റെ ഉള്ളില്‍ എവിടെ നിന്നോ ഒരു വിതുമ്പല്‍ തികട്ടി വരുന്നത് പോലെ . ജീവിതം എന്നും ഒരു പോലെ നല്ലതിന്റെ ഭാഗത്തേക്ക് മാത്രം ചലിക്കുന്ന ഒരു പെന്‍ഡുലം അല്ലല്ലോ . ആശ്വാസത്തിന് വേണ്ടി ആയിരിക്കാം , മനസ്സ് അതിന്റെ സ്ഥിരം പണി തുടങ്ങി....

ഒരു കൊച്ചു കുളിര്‍കാറ്റിനോടോപ്പോം ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക് പിറകിലേക്ക് ഒഴുകി ഒഴുകി അറിയാതെ കടന്നു വന്ന ജീവിത
വഴികളിലൂടെ തിരിഞ്ഞു നടക്കുകയാണ് .തെങ്ങും മാവും പ്ലാവും കശുമാവും ഒക്കെ നിറഞ്ഞ തൊടിയിലൂടെ ഓടി നടന്ന ബാല്യം .
ദൈവ തുല്യരായ മാതാപിതാക്കള്‍. കഠിനാധ്വാനിയായിരുന്ന അപ്പന്‍ മാത്രമായിരുന്നു ഞങ്ങളുടെ വീട്ടിലെ ഏക ആണ്‍ തരി. ഏഴു പെണ്‍മക്കളില്‍ ആറാമത്തെ ആള്‍ അകാന്‍ ഭാഗ്യം കിട്ടി , ഭാഗ്യം
എന്ന് പറയാമോ എന്നറിയില്ല .. നാട്ടുകാര്‍ ഏറെ സഹതാപത്തോടെ അപ്പനെ നോക്കി അല്പം അവജ്ഞയോടെ ഇങ്ങേര്‍ ഈ ഏഴു പെണ്‍പിള്ളേരുമായി എങ്ങനെ ജീവിക്കും . ഇവരുടെ ഭാവി എന്താകും എന്നെല്ലാം ഉത്കണ്ഠാകുലരായി . കോട്ടയത്തെ
അക്കാലത്തെ ഏറ്റവും വലിയ പ്രൈവറ്റ് ബസ് കമ്പനി യിലെ മെക്കാനിക് ആയിരുന്നു അപ്പന്‍ . അപ്പന്‍ നടക്കുന്നത് അധികം ആരും കണ്ടിട്ടില്ല , ഓട്ടമാണ് , ഏഴു പെണ്മക്കളുടെ ഭാരം മുഴുവന്‍ തലയില്‍ വഹിച്ചു കൊണ്ടുള്ള നിര്‍ത്താതെയുള്ള ഓട്ടം. വെളുപ്പിന് നാടും നാട്ടുകാരും ഉണരും മുമ്പേ എഴുനേറ്റു പറമ്പില്‍ കൃഷി പണി ചെയ്യും. വര്‍ക് ഷോപ്പില്‍ പോവാന്‍ അഞ്ചു മിനിറ്റ് ഉള്ളപ്പോള്‍ കുളിച്ച് എന്തെങ്കിലും കഴിച്ചു പിന്നൊരു ഓട്ടമാണ് . പശുവിനെ വളര്‍ത്തിയും
മറ്റും അമ്മയും കഴിവതും അപ്പനെ സഹായിക്കും.

മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അപ്പന്‍ ഏറെ ശ്രദ്ധിച്ചു . ഏറ്റവും മൂത്തയാള്‍ , കുഞ്ഞമ്മ പത്താം ക്ലാസ് പാസ്സായി . വര്‍ക്ക് ഷോപ്പിലെ ഒരു മേസ്തിരിയുടെ പരിചയക്കാരന്റെ ശുപാര്‍ശയില്‍ കുഞ്ഞമ്മക്ക് നേഴ്‌സിങ് സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടി . അപ്പന്റെ ഭാരം കൂടി , ഓട്ടത്തിന്റെ വേഗവും കൂടി . കാലവും അപ്പനെക്കാളും വേഗത്തില്‍ ഓടി . കുഞ്ഞമ്മ നഴ്‌സിംഗ് പാസ്സായി , അവിടെത്തന്നെ ജോലിയും കിട്ടി . അപ്പന് പോസ്‌റ്മാന്‍ നൂറ്റിഇരുപത് രൂപയുടെ ഒരു മണി ഓര്‍ഡര്‍ കൊണ്ട് വന്നു കൊടുത്തു . മകളുടെ ആദ്യത്തെ ശമ്പളം !. അപ്പന്റെ കണ്ണു നിറഞ്ഞൊഴുകി . തന്റെ ഇല്ലായ്മയിലും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കാതെ പള്ളിയ്ക്ക് കൊണ്ട് കൊടുത്തു ആ പിതാവ് ! . കുഞ്ഞമ്മ പഠിച്ച നഴ്‌സിംഗ് സ്‌കൂളില്‍ തന്നെ അനിയത്തി ലീലാമ്മക്കും SSLC പാസ്സായപ്പോള്‍ അഡ്മിഷന്‍ തരപ്പെടുത്തി .താഴെയുള്ളവരെല്ലാം തരക്കേടില്ലാതെ പഠിക്കുന്നുണ്ട് . കുഞ്ഞമ്മയുടെ മണി ഓര്‍ഡര്‍ എല്ലാ മാസവും വന്നു കൊണ്ടിരുന്നു . അപ്പന്‍ ഒരു സൈക്കിള്‍ വാങ്ങി .

അപ്പന് വേണ്ടി അപ്പനെയും വഹിച്ചു കൊണ്ട് സൈക്കിള്‍ ഓടാന്‍ തുടങ്ങി . ആയിടക്കാണ് സൗദി അറേബ്യയിലെ ഹെല്‍ത്ത് മിനിസ്ട്രിയില്‍ നിന്നും ഒരു ഗ്രൂപ്പ് വന്നു കുഞ്ഞമ്മ ജോലി ചെയ്യുന്ന മെഡിക്കല്‍ കോളേജില്‍ നിന്നും കുറെ ആള്‍ക്കാരെ റിക്രൂട് ചെയ്തത്. കുഞ്ഞമ്മയും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുകയും സെലക്ട് ചെയ്യപ്പെടുകയും അധികം താമസിയാതെ സൗദി അറേബ്യയില്‍ അല്‍കോബാറിലെ ഒരു ഹോസ്പിറ്റലില്‍ ജോലിയായി. 

അപ്പന് കിട്ടികൊണ്ടിരുന്ന മണിഓര്‍ഡറിന്റെ സ്ഥാനത്തു പല നിറത്തിലുള്ള വരകള്‍ ഉള്ള കവറില്‍ ഡ്രാഫ്റ്റ് വരാ ന്‍ തുടങ്ങി. പതുക്കെ പതുക്കെ ജീവിത സാഹചര്യങ്ങള്‍ മാറി മാറി മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്കു നീങ്ങി . ആ റാം നമ്പര്‍ അഥവാ സുജാത എന്ന സുജു വിന്റെ സ്‌കൂള്‍ കോളേജ് ജീവിതങ്ങള്‍ സാമ്പത്തികമായി അത്ര പ്രയാസമൊന്നും ഉള്ളതായിരുന്നില്ല . അപ്പന്‍ അനാവശ്യമായി അഞ്ചു പൈസ ചിലവാക്കുന്ന ആള്‍ ആയിരുന്നില്ല . അതുകൊണ്ടു വീട്ടില്‍ ഒന്നിനും കുറവില്ലെങ്കിലും ധാരാളിത്തം എന്തെന്ന് വീട്ടില്‍ ആരും അറിഞ്ഞിട്ടില്ല . സ്‌കൂള്‍ കഴിഞ്ഞു പട്ടണത്തില്‍ കോളേജ് അഡ്മിഷന്‍ കിട്ടി . പട്ടണത്തിലെ കോളേജിലെ ക്കുള്ള പ്രൈവറ്റ് ബസ് യാത്ര എല്ലാവരെയും പോലെ ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍ , ചിലത് സുഖമുള്ളതും , ചുരുക്കം ചിലത് അത്ര സുഖമില്ലാത്തതും . സുഖമുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു
നില്‍ക്കുന്ന സഹ യാത്രികരുടെ കൂട്ടത്തിലെ ഒരു പൊടി മീശ കാരന്‍ , നാണം കുണുങ്ങി ചെറുക്കന്‍. 

നോട്ടത്തിലും ഭാവത്തിലും ആ നാണത്തില്‍ പൊതിഞ്ഞ അവന്റെ ഒളി നോട്ടം എന്തോ തന്നോട് പറയാനുണ്ട് എന്ന് പറയാതെ പറയുന്നത് പോലെ തോന്നി . പക്ഷെ ആ പൊടി മീശക്കാരന്‍ നാണം കുണുങ്ങി അറിയാതെ അവളുടെ മനസിന്റെ ഏതോ ഒരു കോണില്‍ സുഖമുള്ള എന്നാല്‍ എന്താണെന്നു പറയാന്‍ പറ്റാത്ത എന്തോ ആയി കയറി കൂടിയോ ? .......

നിലാവുള്ള രാത്രി ! ഇഷ്ടപ്പെട്ട പാട്ടിന്റ ശീലുകള്‍ ആകാശത്തില്‍ എവിടെയോ അലയടിക്കുന്നുണ്ട് . പാട്ടിന്റെ ഉല്ഭവം എവിടെ
യാണെന്ന് ഉല്‍കണ്ഠ യോടെ തിരഞ്ഞു . അകലെ കുന്നിന്‍ ചെരുവില്‍ നിറയെ പൂക്കളുമായി ഒരു ദേവദാരു മരം . അതില്‍ നിന്നും പൂക്കള്‍ ഒരു പൂമഴ യായി പെയ്യുകയാണ് . അതിന്റെ ചോട്ടില്‍ തലയില്‍ ആകെ ദേവദാരു പൂക്കളുമായി അതാ ആ മുറിമീശക്കാരന്‍ പൂക്കള്‍ തീര്‍ത്ത തലപ്പാവണിഞ്ഞു കള്ളച്ചിരിയുമായി വിദൂരതയില്‍ കണ്ണും നട്ടു നില്കയാണ് . എന്ത് ചെയ്യണം? അറിയില്ല . പക്ഷെ കാലുകള്‍ ആരുടെയും ഉത്തരവിന് കാത്തുനില്‍ക്കാതെ ആ പൂമര ചോട്ടിലേക്കു നീങ്ങി . തന്നെ കണ്ടയുടന്‍ മുറിമീശക്കാരന്റെ കൈകള്‍ നീണ്ടു . ആ കൈകളില്‍ ചുറ്റി അവന്റെ മാറിലേക്ക് പടര്‍ന്നു കയറാന്‍ പിന്നെ
അധികം സമയം വേണ്ടി വന്നില്ല . ആ സംഗമത്തിന് അധികം ആയുസ്സുണ്ടായില്ല , സ്വപ്ങ്ങള്‍ അങ്ങനെ ആണല്ലോ . ഉറക്കം ഉണര്‍ന്നപ്പോള്‍ മുറിയിലാകെ ഒരു സുഗന്ധം ! ദേവദാരു പൂക്കളുടെ ഗന്ധം ഇങ്ങനെ ആണോ ? ആര്‍ക്കറിയാം

രാവിലെ എല്ലാത്തിനും പതിവില്ലാത്ത ഒരു ഉത്സാഹം . പെട്ടെന്ന് റെഡിയായി കഴിച്ചെന്നു വരുത്തി ബസ് സ്റ്റോപ്പിലേക് ഓടി. കണ്ണുകള്‍ അവിടെയെല്ലാം ഇന്നലത്തെ സ്വപ്നത്തിലെ നായകനെ പരതി നടന്നു. നിമിഷങ്ങള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യം

അനുഭവപ്പെടുകയാണ് . താന്‍ ഒരു പ്രണയിനി ആവുകയാണോ ? ഒടുവില്‍ അതാ തന്റെ സ്വപ്നത്തിലെ നായകന്‍ പതിവ്
കള്ളച്ചിരിയുമായി നടന്നുവരികയാണ് . കള്ളന്‍ എന്തോ സ്വകാര്യം പറയാന്‍ ഉള്ളത് പോലെ നോക്കുകയാണ് . ഇനി ഒരേ സ്വപ്‌നം
രണ്ടാളും കണ്ടിരിക്കുമോ ആവോ...? കെ കെ റോഡും നാടും നാട്ടുകാരും എല്ലാം മാറി , റോഡ് മൊത്തം റബ്ബേറൈസ്ഡ് ചെയ്ത് കുട്ടപ്പനാക്കി ! കാലം വരുത്തിയ മാറ്റം . പഴയ ബസ് സ്റ്റോപ്പ് ഉണ്ടായിരുന്ന സ്ഥലത്തു ഇപ്പോള്‍ വിശാലമായ ബസ്സ്റ്റാന്‍ഡ് ആണ് . പൊടിമീശക്കാരന്‍ ചെറുക്കന്‍ , അജി , അജിത് ചാക്കോ ദുബായിക്ക് പോയി അവന്റെ ചേട്ടന്‍ അവിടെ തരക്കേടില്ലാത്ത നിലയില്‍ ആണ് പോലും . ബോംബയിലെ അറിയപ്പെടുന്ന നഴ്‌സിംഗ് കോളേജില്‍ നിന്നും പ്രശസ്തമായ നിലയില്‍ തന്നെ നഴ്‌സിംഗ് ഡിഗ്രി പാസ്സായി പുറത്തു വന്ന ഉടന്‍ ദുബായിലേക്ക് പോകാന്‍ സുജുവിനും വഴി ഒരുങ്ങി . ദുബായിലെ ജോലി ,
ജീവിതം സ്വപ്ന തുല്യമായിരുന്നു . ദുബായ് എയര്‍ പോര്‍ട്ടിലെ പെര്‍ഫ്യൂം വില്‍ക്കുന്ന വര്‍ണ്ണ മനോഹരമായ കട കളിലെ പോലെ
വര്‍ണാഭമായ , സുഗന്ധ പൂരിതമായ ജീവിതം . നല്ല ശമ്പളം , നല്ല കൂട്ടുകാര്‍ , ശമ്പളത്തോടു കൂടിയ അവധി , നാട്ടിലേക്ക് പോകാന്‍ ഫ്രീ ടിക്കറ്റ് എന്ന് വേണ്ട ജീവിതം അതിന്റെ എല്ലാ നിറപ്പകിട്ടുകളോടും
കൂടി മുമ്പില്‍ നിന്നു പൂത്തിരി കത്തിക്കുകയാണ് .

ഇതിന്റെയൊക്കെ കൂട്ടത്തില്‍ ഇഷ്ടപെട്ട പുരുഷനെ ജീവിത പങ്കാളി ആയി കിട്ടുക കൂടി ചെയ്താലോ ? അതും നടന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ . ജീവിതത്തിന്റെ അര്‍ത്ഥം മുഴുവനായി വന്ന പോലെ അവരുടെ ജീവിതത്തിലേക്ക് മനോഹരമായ ഒരു സമ്മാനമായി രണ്ടു കൊച്ചു അതിഥികള്‍ വന്നു . സെറിനും റോഹാ നും . ജീവിതം ഒത്തിരി തിരക്കുള്ളതായെങ്കിലും ജീവിക്കാന്‍ മറന്നില്ല . കൂട്ടുകാര്‍ , പ്രാര്‍ഥന ഗ്രൂപ്പ് അങ്ങനെ ജീവിതം ശരിക്കും ആസ്വദിച്ച നാളുകള്‍ . ജീവിതത്തില്‍ അനുഭവിച്ച സന്തോഷത്തിന്റെ ഗ്രാഫ് എടുത്താല്‍ ബുര്‍ജ് ഖലീഫക്കും മുകളില്‍ പോകുന്ന നാളുകള്‍ ആയിരുന്നു ദുബായ്
ജീവിതം ഇതിന്റെ ഇടയില്‍ രണ്ടു ചേച്ചിമാര്‍ അമേരിക്കയില്‍ എത്തി.

ആയിടക്ക് സുജുവിന്റെ കൂട്ടത്തില്‍ ജോലി ചെയ്യുന്ന കുറെ പേര്‍ CGFNS പരീക്ഷ എഴുതി അമേരിക്കയിലേക് പോയി . അങ്ങനെ അമേരിക്ക എന്ന സ്വപ്ന ഭൂവിലേക്ക് പറക്കാന്‍ ആ കൊച്ചു കുടുംബവും കൊതിച്ചു . കുട്ടികള്‍ക്കു അത്ര വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു എന്ന് വേണം പറയാന്‍ . പരീക്ഷ പാസായി സുജുവും അജിയും മക്കളും ന്യൂ യോര്‍ക്കില്‍ എത്തി . ചേട്ടത്തിയും കുടുംബവും അവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മക്കള്‍ അമേരിക്കന്‍ സ്‌കൂളില്‍ ചേര്‍ന്നു . അജി സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി യില്‍ ജോലി തുടങ്ങി . സുജു സിറ്റിയിലെ തിരക്കേറിയ കാന്‍സര്‍ സെന്ററില്‍ ശ്വാസം വിടാന്‍ പോലും സമയം കിട്ടാതെ ഓരോ ദിവസങ്ങളും കഴിച്ചു കൂട്ടി . ദുബായിലെ നല്ല നാളുകളെ കുറിച്ചുള്ള ചിന്തകള്‍ ന്യൂയോര്‍ക് ജീവിതത്തെ അല്പം ദുഷ്‌കരമാക്കി എന്ന് പറയാം . മഞ്ഞും മഴയും വേനലും എല്ലാമായി കാലം പിന്നെയും മുമ്പോട്ടു പോയി. ജീവിതം എന്തെല്ലാം പഠിപ്പിച്ചു ? വാനം മുട്ടെ നില്‍ക്കുന്ന ബുര്‍ജ് ഖലീഫ മുതല്‍ കരിഞ്ഞ സ്വപ്നങ്ങളുടെ ചാരം പൂശി നില്‍ക്കുന്ന ഫ്രീഡം ടവര്‍ വരെ....

ശൈത്യ കാലത്തിന്റെ വരവറിയിച്ചുകൊണ്ടു ചക്രവാളത്തില്‍ പിങ്ക് നിറത്തിലുള്ള മേഘങ്ങള്‍ പ്രത്യക്ഷമായി .ഹഡ്‌സണ്‍ നദിയിലൂടെ പോകുന്ന ടൂറിസ്‌റ് ഷിപ്പില്‍ നിന്നുള്ള വലിയ സൈറണ്‍ കേട്ട് ഓര്‍മയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. നമുക്ക് പോകേണ്ടേ , കൂടുതല്‍ ഇവിടെ നിന്നാല്‍ പാര്‍ക്കിംഗ് ഫീസ് കൊടുക്കാന്‍ സെക്കന്റ് മോര്‍ട്ടഗേജ് എടുക്കേണ്ടി വരും. അജി പതിവില്ലാതെ ഇന്നൊരു തമാശ ലൈനില്‍ ആണ് . വിരുന്നുകാര്‍ ഉള്ളതിന്റെ സ്‌പെഷ്യല്‍
ആയിരിക്കും .....