ഫ്‌ളോറിഡ: സ്‌കൂള്‍ ബസില്‍ 10 വയസ്സുകാരന് ക്രൂരമര്‍ദ്ദനം: ആയയും ഡ്രൈവറും അറസ്റ്റില്‍

By: 600002 On: Feb 2, 2026, 9:39 AM



പി പി ചെറിയാന്‍

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഹില്‍സ്ബറോ കൗണ്ടിയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ വെച്ച് ഓട്ടിസം ബാധിച്ച പത്തു വയസ്സുകാരനെ നിരന്തരം മര്‍ദ്ദിച്ച സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരായ രണ്ട് സ്ത്രീകള്‍ അറസ്റ്റിലായി. ജുവാനിറ്റ റൈറ്റ് (79) എന്ന ബസ് സഹായിയും ടോണിയ റൈസ്-കോണ്‍സ്റ്റന്റ് (62) എന്ന ഡ്രൈവറുമാണ് പിടിയിലായത്.

സംസാരശേഷി കുറഞ്ഞ കുട്ടിയെ 14 വ്യത്യസ്ത ദിവസങ്ങളിലായി ജുവാനിറ്റ മര്‍ദ്ദിച്ചതായി പോലീസ് കണ്ടെത്തി. കുട്ടിയുടെ തലയില്‍ അടിക്കുകയും മുടിക്ക് പിടിച്ചു വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ബസിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

കുട്ടി ക്രൂരമായി മര്‍ദ്ദിക്കപ്പെടുമ്പോള്‍ ഡ്രൈവര്‍ ടോണിയ ഇത് നോക്കി ചിരിക്കുകയും ആസ്വദിക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. കുട്ടിയെ രക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചില്ല.

ജുവാനിറ്റയ്ക്കെതിരെ 14 കുറ്റപത്രങ്ങളും, ഡ്രൈവര്‍ക്കെതിരെ അക്രമം റിപ്പോര്‍ട്ട് ചെയ്യാത്തതിനും കേസെടുത്തു. താന്‍ കുട്ടിയുമായി തമാശ കളിക്കുകയായിരുന്നു എന്നാണ് ജുവാനിറ്റ പോലീസിനോട് പറഞ്ഞത്.

സംഭവം പുറത്തറിഞ്ഞതോടെ ജുവാനിറ്റയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഡ്രൈവര്‍ അന്വേഷണം തുടങ്ങിയതോടെ സ്വയം വിരമിച്ചു.

'സംരക്ഷിക്കേണ്ടവര്‍ തന്നെ കുട്ടിയെ ഉപദ്രവിക്കുന്നതും അത് കണ്ട് മറ്റൊരാള്‍ ചിരിക്കുന്നതും അങ്ങേയറ്റം ക്രൂരമാണ്' എന്ന് ഹില്‍സ്ബറോ ഷെരീഫ് ചാഡ് ക്രോണിസ്റ്റര്‍ പ്രതികരിച്ചു.