മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ലിഥിയം-അയൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങൾ എഡ്മൻ്റണിൽ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്

By: 600110 On: Feb 2, 2026, 9:09 AM

മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ലിഥിയം-അയൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങൾ എഡ്മൻ്റണിൽ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. മൊബൈൽ ഫോണുകൾ, വേപ്പുകൾ , ഇലക്ട്രിക് പവർ ടൂളുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിലാണ് ഇത്തരം ബാറ്ററികൾ കാണപ്പെടുന്നത്. ഇവ മാലിന്യത്തിനൊപ്പം വലിച്ചെറിയുമ്പോൾ, ഗാർബേജ് ട്രക്കുകൾക്കുള്ളിലോ ലാൻഡ്‌ഫില്ലുകളിലോ വെച്ച് പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ സാധ്യതയുണ്ട്.

ഈ തീപിടുത്തങ്ങൾ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഗുരുതരമായ ഭീഷണിയാണെന്ന് നഗരസഭാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. എഡ്മൻ്റൺ വേസ്റ്റ് മാനേജ്‌മെൻ്റ് സെൻ്ററിലുണ്ടായ ഇത്തരമൊരു തീപിടുത്തം അടുത്തിടെ 9,00,000 ഡോളറിൻ്റെ നാശനഷ്ടങ്ങൾ വരുത്തിവെച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാറ്ററി മൂലമുണ്ടായ തീപിടുത്തങ്ങൾ നികുതിദായകർക്ക് ഏകദേശം 25 ലക്ഷം ഡോളറിൻ്റെ ബാധ്യതയാണുണ്ടാക്കിയത്.

ലിഥിയം-അയൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീ 2,000 ഡിഗ്രി വരെ താപനിലയിൽ ജ്വലിക്കുകയും വിഷപ്പുക പുറത്തുവിടുകയും ചെയ്യുന്നു. ഇവ അണയ്ക്കാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നു മാത്രമല്ല, മാലിന്യ കേന്ദ്രത്തിലെ സ്റ്റീൽ ഉപകരണങ്ങൾ വരെ ഉരുക്കാൻ ഈ ചൂടിന് ശേഷിയുണ്ട്.2024-ൽ ഇത്തരത്തിലുള്ള 18 തീപിടുത്തങ്ങൾ ഉണ്ടായെങ്കിലും, കൃത്യമായ പരിശീലനവും സുരക്ഷാ നടപടികളും കാരണം കഴിഞ്ഞ വർഷം ഇത് ആറായി കുറഞ്ഞു. 

ബാറ്ററികളുടെ ഉപയോഗം വളരെ കൂടുതലായതിനാൽ ഈ പ്രശ്നം പൂർണ്ണമായും ഇല്ലാതാക്കുക വലിയ വെല്ലുവിളിയാണ്. അതിനാൽ
ഉപയോഗശൂന്യമായ ബാറ്ററികളും ഇലക്ട്രോണിക് ഉപകരണങ്ങളും മാലിന്യങ്ങൾക്കൊപ്പം ഇടാതെ 'ഇക്കോ സ്റ്റേഷനുകളിൽ' എത്തിക്കാൻ അഗ്നിശമന സേനയും അധികൃതരും അഭ്യർത്ഥിച്ചു.