യു.കെ. സന്ദർശിക്കുന്ന കാനഡക്കാർക്ക് ഇനി 'ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ' നിർബന്ധം

By: 600110 On: Feb 2, 2026, 8:42 AM

യു.കെ. സന്ദർശിക്കുന്ന കാനഡക്കാർക്ക് ഇനി 'ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ' നിർബന്ധം. ഇതനുസരിച്ച് ഫെബ്രുവരി 25 മുതൽ, യാത്രയ്ക്ക് മുൻപായി നിർബന്ധമായും 'ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ' (ETA) അപേക്ഷിച്ചിരിക്കണം. വിസയില്ലാതെ യു.കെ. സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആറുമാസം വരെ അവിടെ താമസിക്കാൻ അനുവാദം നൽകുന്ന ഡിജിറ്റൽ പെർമിറ്റാണിത്. അതിർത്തി സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് യു.കെ. സർക്കാർ വ്യക്തമാക്കി.

അപേക്ഷകർ തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, പാസ്‌പോർട്ട് വിവരങ്ങൾ എന്നിവ നൽകുകയും സുരക്ഷാ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും വേണം. യു.കെ. ഇ.ടി.എ (U.K. ETA) ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മിക്കവർക്കും മിനിറ്റുകൾക്കുള്ളിൽ തന്നെ അനുമതി ലഭിക്കുമെങ്കിലും, കുറഞ്ഞത് മൂന്ന് പ്രവൃത്തിദിവസം മുൻപെങ്കിലും അപേക്ഷിക്കാൻ സർക്കാർ നിർദ്ദേശിക്കുന്നു.

ഈ ഇ.ടി.എ യാത്രക്കാരൻ്റെ പാസ്‌പോർട്ടുമായി ബന്ധിപ്പിച്ചിരിക്കും. ഇതിന് രണ്ട് വർഷത്തെ കാലാവധിയുണ്ടാകും. നിലവിൽ ഇതിനുള്ള ഫീസ് 10 പൗണ്ട് (ഏകദേശം 29.80 കനേഡിയൻ ഡോളർ) ആണ്. ഇത് കാനഡയുടെ സ്വന്തം ഇ.ടി.എ ഫീസിനേക്കാൾ (7 ഡോളർ) കൂടുതലാണ്. നിലവിൽ യു.കെ.യിൽ താമസിക്കാനോ ജോലിക്കോ പഠനത്തിനോ വിസയുള്ള കാനഡക്കാർക്ക് ഇ.ടി.എ ആവശ്യമില്ല.

യാത്രയ്ക്ക് മുൻപ് തന്നെ അപേക്ഷിക്കാൻ കനേഡിയൻ സർക്കാർ പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പുതിയ സംവിധാനം യാത്ര സുഗമവും സുരക്ഷിതവുമാക്കുമെന്നും, രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ നിയന്ത്രിക്കാൻ അധികൃതർക്ക് കൂടുതൽ സഹായകരമാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.