ലോസ് ആഞ്ചലസ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു

By: 600002 On: Jan 30, 2026, 9:10 AM

 

 

പി പി ചെറിയാന്‍

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ലോസ് ആഞ്ചലസ് ഡൗണ്‍ടൗണിലെ കാലിഫോര്‍ണിയ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

ലോസ് ആഞ്ചലസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിക്കുന്ന ആദ്യ റിപ്പബ്ലിക് ദിന വിരുന്നാണിത്.

കോണ്‍ഗ്രസ് അംഗം ബ്രാഡ് ഷെര്‍മാന്‍, എല്‍.എ സിറ്റി കൗണ്‍സില്‍ അംഗം നിത്യ രാമന്‍, ബെവര്‍ലി ഹില്‍സ് മേയര്‍ ഡോ. ഷാരോണ നസാരിയന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്നും സാങ്കേതികവിദ്യയിലും നവീകരണത്തിലും ഇന്ത്യ ആഗോള നേതൃത്വത്തിലേക്ക് ഉയരുകയാണെന്നും കോണ്‍സല്‍ ജനറല്‍ ഡോ. കെ.ജെ. ശ്രീനിവാസ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ശാസ്ത്ര-സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഡോ. മണി ഭൗമിക്, തബല മാസ്‌ട്രോ പണ്ഡിറ്റ് അഭിജിത് ബാനര്‍ജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സാങ്കേതികവിദ്യ, കാലാവസ്ഥാ സംരക്ഷണം, ഹോളിവുഡ്-ഇന്ത്യന്‍ സിനിമാ സഹകരണം തുടങ്ങിയ മേഖലകളില്‍ കാലിഫോര്‍ണിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഭാരതീയ ക്ലാസിക്കല്‍, നാടോടി നൃത്തരൂപങ്ങളുടെ കലാപ്രകടനങ്ങളോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചത്.