പി പി ചെറിയാന്‍
ഹൂസ്റ്റണ്‍ /ചെങ്ങന്നൂര്‍: മാര്‍ത്തോമ്മ സഭ പട്ടക്കാരന്‍ റവ. സുനു ബേബി കോശി അച്ചന്റെ(വികാരി, ചാലിശ്ശേരി മാര്‍ത്തോമ്മ ഇടവക, തൃശ്ശൂര്‍) പിതാവ് ചെങ്ങന്നൂര്‍ പുത്തന്‍കാവ് മടയ്ക്കല്‍ പീടികയില്‍ തോമസ് എം. കോശി (സണ്ണി - 74) അന്തരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലേക്കു ഈ ആഴ്ച യാത്ര തിരിക്കാനിരിക്കെയാണ് അപകടം. സണ്ണിയുടെ ഭാര്യയും മക്കളും ഹൂസ്റ്റണിലാണ്.
ബുധനാഴ്ച വെളുപ്പിന് അഞ്ച് മണിയോടെ ചെങ്ങന്നൂര്‍ കൂത്താട്ടുകുളം ആറൂരിന് സമീപം എംസി റോഡിലുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. അപകടത്തില്‍ പരിക്കേറ്റ മകന്‍ റവ. സുനു ബേബി കോശിയും അദ്ദേഹത്തിന്റെ ഭാര്യ എന്നിവര്‍ ചികിത്സയിലാണ്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രിയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട്.
നിയന്ത്രണം വിട്ട കാര്‍ കലുങ്കില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.
അപകടത്തില്‍ തകര്‍ന്ന കാറില്‍ നിന്നും പരിക്കേറ്റവരെ ഉടന്‍തന്നെ കൂത്താട്ടുകുളം ദേവമാത ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും തോമസ് എം. കോശിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചെങ്ങന്നൂര്‍ മാമ്മന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റും. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.