ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ കോർപ്പറേറ്റ് വിഭാഗത്തിൽ നിന്ന് 16,000 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു. മൂന്ന് മാസത്തിനിടെ കമ്പനി നടത്തുന്ന രണ്ടാമത്തെ വലിയ പിരിച്ചുവിടലാണിത്. കഴിഞ്ഞ ഒക്ടോബറിൽ 14,000 പേരെ ഒഴിവാക്കിയിരുന്നു. ഇതോടെ ആകെ പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം ഏകദേശം 30,000 ആയി ഉയർന്നു.
കോവിഡ് കാലഘട്ടത്തിൽ അമിതമായി ജീവനക്കാരെ നിയമിച്ചതും, നിലവിൽ കമ്പനിയിലെ ഭരണപരമായ സങ്കീർണ്ണതകൾ ഒഴിവാക്കി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടിയെന്ന് ആമസോൺ സീനിയർ വൈസ് പ്രസിഡന്റ് ബെത്ത് ഗാലെറ്റി വ്യക്തമാക്കി.
ആമസോൺ വെബ് സർവീസസ് (AWS), റീട്ടെയിൽ, ഹ്യൂമൻ റിസോഴ്‌സ് എന്നീ വിഭാഗങ്ങളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുന്നത്. "പ്രോജക്റ്റ് ഡോൺ" (Project Dawn) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ജീവനക്കാർക്ക് അബദ്ധത്തിൽ നേരത്തെ ഇമെയിൽ ലഭിച്ചത് കമ്പനിക്കുള്ളിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.
പിരിച്ചുവിടപ്പെടുന്ന യുഎസ് ആസ്ഥാനമായുള്ള ജീവനക്കാർക്ക് പുതിയ തസ്തികകൾ കണ്ടെത്താൻ 90 ദിവസത്തെ സമയം നൽകുമെന്നും, അല്ലാത്തവർക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുമെന്നും കമ്പനി അറിയിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിൻ്റെ ഭാഗമായി കൂടിയാണ് ഈ പുനഃക്രമീകരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.