പി പി ചെറിയാന്‍
മിനിയാപൊളിസ്: മിനിയാപൊളിസില്‍ നടന്ന ടൗണ്‍ ഹാള്‍ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇല്‍ഹാന്‍ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച സംഭവത്തില്‍ എഫ്.ബി.ഐ (FBI) അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ പ്രതിയായ 55-കാരന്‍ ആന്തണി കാസ്മിയര്‍സാക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രസംഗിച്ചുകൊണ്ടിരുന്ന ഇല്‍ഹാന്‍ ഒമറിന് നേരെ പ്രതി സിറിഞ്ച് ഉപയോഗിച്ച് ദ്രാവകം തളിക്കുകയും വേദിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്തു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്പ്പെടുത്തി.ഒമര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തളിച്ച ദ്രാവകം വിഷാംശമില്ലാത്തതാണെന്ന് (non-toxic) പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.
'ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും തന്റെ പ്രവര്‍ത്തനം തുടരുമെന്നും' ഇല്‍ഹാന്‍ ഒമര്‍ വ്യക്തമാക്കി. കുടിയേറ്റ വിഷയത്തില്‍ മിനിയാപൊളിസില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഈ ആക്രമണം. ഫെഡറല്‍ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ ഇല്‍ഹാന്‍ ഒമര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തുന്ന കാര്യം അധികൃതര്‍ പരിഗണിച്ചുവരികയാണ്.