പി പി ചെറിയാന്‍
ഹണ്ട്സ്വില്‍ (ടെക്സസ്): അമേരിക്കയില്‍ 2026-ലെ ആദ്യ വധശിക്ഷ ടെക്സസില്‍ നടപ്പിലാക്കി. മുന്‍ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ചാര്‍ലസ് വിക്ടര്‍ തോംസണെയാണ് (55) ബുധനാഴ്ച വൈകുന്നേരം മാരകമായ വിഷമിശ്രിതം കുത്തിവച്ച് (Lethal Injection) വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
1998 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൂസ്റ്റണിലെ സബര്‍ബന്‍ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് തന്റെ മുന്‍ കാമുകിയായ ഗ്ലെന്‍ഡ ഡെനിസ് ഹെയ്സ്ലിപ്പിനെയും (39) അവരുടെ പുതിയ സുഹൃത്ത് ഡാരന്‍ കീത്ത് കെയ്നെയും (30) തോംസണ്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഹണ്ട്സ്വില്ലിലെ സ്റ്റേറ്റ് പെനിറ്റന്‍ഷ്യറിയില്‍ വെച്ച് വൈകുന്നേരം 6:50-ഓടെ മരണം സ്ഥിരീകരിച്ചു.
തോംസന്റെ ക്രിമിനല്‍ ചരിത്രത്തിലെ ഏറ്റവും വിവാദമായ അധ്യായമായിരുന്നു 2005-ലെ ജയില്‍ ചാട്ടം. വധശിക്ഷ വിധിക്കപ്പെട്ടതിന് പിന്നാലെ ഹാരിസ് കൗണ്ടി ജയിലില്‍ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ രക്ഷപെട്ടു.
ജയില്‍ വസ്ത്രം മാറി സാധാരണ വേഷം ധരിച്ച പ്രതി, സ്വന്തമായി നിര്‍മ്മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്. മൂന്ന് ദിവസം ഒളിവില്‍ കഴിഞ്ഞ തോംസണെ പിന്നീട് ലൂസിയാനയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
ശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് ഇരകളുടെ കുടുംബങ്ങളോട് തോംസണ്‍ മാപ്പ് ചോദിച്ചു. 'ഇവിടെ വിജയികളാരും ഇല്ലെന്നും, ഈ സാഹചര്യം കൂടുതല്‍ ഇരകളെ സൃഷ്ടിക്കുകയാണെന്നും' ഇയാള്‍ പറഞ്ഞു. അവസാന നിമിഷം തോംസണ്‍ നല്‍കിയ അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചില്ല.
ഈ വര്‍ഷം യുഎസില്‍ നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫെബ്രുവരി 10-ന് ഫ്‌ലോറിഡയിലാണ് രാജ്യത്തെ അടുത്ത വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.