'വിശ്വാസവഴിയില്‍ മാനസികാരോഗ്യം';മാര്‍ത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം റൈറ്റ് റവ ഡോ എബ്രഹാം പൗലോസ് നിര്‍വ്വഹിച്ചു

By: 600002 On: Jan 29, 2026, 8:35 AM


 


പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം  വിഭാവനം ചെയ്ത 'Faith Ally for Mental Health Initiative' (FAMHI) പദ്ധതിയുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. 2026 ജനുവരി 28-ന് ബുധനാഴ്ച രാത്രി 9:00 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന ചടങ്ങില്‍ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ റൈറ്റ് റവ ഡോ   എബ്രഹാം പൗലോസ് മാര്‍ തിരുമേനി അധ്യക്ഷത വഹിക്കുകയും പദ്ധതിയുടെ ഔദ്യോഗിക ലോഞ്ച് നിര്‍വ്വഹിക്കുകയും ചെയ്തു.

ഉദ്ഘാടന പ്രസംഗത്തില്‍, യേശുക്രിസ്തുവിന്റെ ശുശ്രൂഷകള്‍ കേവലം ശാരീരിക സൗഖ്യത്തിന് മാത്രമായിരുന്നില്ല, മറിച്ച് മനുഷ്യന്റെ ആത്മീയവും മാനസികവുമായ മാറ്റത്തിനാണ് പ്രാധാന്യം നല്‍കിയതെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

'നമ്മുടെ ജീവിതത്തിലെ സുസ്ഥിതി എന്നത് ശാരീരികവും മാനസികവും ആത്മീയവുമായ അവസ്ഥകളുടെ ഒരു കൂടിച്ചേരലാണ്. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും ശരിയായ തീരുമാനങ്ങള്‍ എടുക്കാനും മാനസികാരോഗ്യം അനിവാര്യമാണ്,' - ബിഷപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി.

റവ. ക്രിസ്റ്റഫര്‍ ഡാനിയേലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ റവ. ജോയല്‍ സാമുവല്‍ തോമസ് സ്വാഗതം ആശംസിച്ചു. മാനസികാരോഗ്യ രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി:

ശാരീരിക-മാനസിക ആരോഗ്യത്തിന്റെ (Wellness) വിവിധ വശങ്ങളെക്കുറിച്ച് ഡോ. ജോര്‍ജ് എബ്രഹാം അവലോകനം നടത്തി.
.അനില്‍ ചാക്കോ സമകാലിക ലോകത്ത് മാനസികാരോഗ്യത്തിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. ഈ സംരംഭത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും ക്ലിനിക്കല്‍ അഡൈ്വസറി ടീമിനെക്കുറിച്ചും ജോര്‍ജ് സാമുവല്‍ വിശദീകരിച്ചു. യുവാക്കള്‍ക്കിടയിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് റവ. ജെയ്സണ്‍ വര്‍ഗീസും, മാതാപിതാക്കളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് ബാബു മാത്യുവും സംസാരിച്ചു.

പ്രാദേശിക തലത്തില്‍ ഈ സംരംഭം സജീവമാക്കുന്നതിനായി റീജിയണല്‍ ആക്റ്റിവിറ്റി കമ്മിറ്റികള്‍ (RAC) രൂപീകരിക്കും. മാര്‍ത്തോമ്മ ഭദ്രാസനം ഉള്‍പ്പെടെയുള്ള വിവിധ സഭാ വിഭാഗങ്ങളുടെ സഹകരണത്തോടെ പ്രാദേശിക ഇടവകകളിലും അയല്‍പക്കങ്ങളിലും അവബോധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഡോ. സുനിത ചാണ്ടി സമാപന പ്രസംഗം നടത്തി. ജോസഫ് ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി. റവ. ഡെനിസ് എബ്രഹാമിന്റെ പ്രാര്‍ത്ഥനയ്ക്കും അധ്യക്ഷന്‍ പൗലോസ് മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ ആശീര്‍വാദത്തോടും കൂടി ചടങ്ങുകള്‍ സമാപിച്ചു. വൈദികരും ഡാളസ്സില്‍ നിന്നുള്ള ഭദ്രാസന കൗണ്‍സില്‍ അംഗവും ഭദ്രാസന  മീഡിയ കോര്‍ഡിനേറ്ററുമായ  ഷാജി രാമപുരവും  വിശ്വാസികളും ഉള്‍പ്പെടെ വന്‍ സദസ്സ് ഓണ്‍ലൈനായി ചടങ്ങില്‍ സംബന്ധിച്ചു. കാരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നിന്നുള്ള നേഹ മാത്യു എം സി ആയിരുന്നു.