ഓൺലൈൻ സൈറ്റുകൾ വഴി വ്യാജ ജോലി പരസ്യങ്ങൾ നൽകി സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ബ്രാംപ്ടൺ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പീൽ റീജിയണൽ പോലീസാണ് പ്രതിയെ പിടികൂടിയത്. ഇന്ത്യൻ വംശജനായ തേജീന്ദർ ധലിവാൾ (47) ആണ് അറസ്റ്റിലായത്. കാനഡയിൽ പുതിയതായി എത്തിയ സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യം വച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ 'ഡാറ്റാ എൻട്രി' (Data Entry) ജോലികൾ ഉണ്ടെന്ന വ്യാജേനയാണ് ഇയാൾ പരസ്യം നൽകിയിരുന്നത്. ജോലി അന്വേഷിച്ചെത്തുന്ന സ്ത്രീകളുമായി വിശ്വാസം സ്ഥാപിച്ച ശേഷം, ഇൻ്റർവ്യൂ എന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലങ്ങളിൽ എത്തിച്ചാണ് ചൂഷണം ചെയ്തിരുന്നത്. ചിലരോട് ജോലിക്ക് പകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
ലൈംഗിക അതിക്രമം , പണം വാഗ്ദാനം ചെയ്ത് ലൈംഗിക സേവനം തേടൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓൺലൈൻ വഴി ലഭിക്കുന്ന ഇത്തരം ജോലികൾക്ക് വ്യക്തിവിവരങ്ങൾ നൽകുന്നതിന് മുൻപ് വിശ്വാസ്യത ഉറപ്പാക്കണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു.കൂടുതൽ സ്ത്രീകൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പോലീസുമായി (905-825-4777 ext. 8970) ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ഉദ്യോഗാർഥികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൻ തുക ശമ്പളം വാഗ്ദാനം ചെയ്യുന്ന 'ലളിതമായ' ജോലികളെ ജാഗ്രതയോടെ കാണുക. ഇന്റർവ്യൂവിനായി പൊതുസ്ഥലങ്ങളോ ഓഫീസോ അല്ലാത്ത ഇടങ്ങളിലേക്ക് വിളിച്ചാൽ പോകാതിരിക്കുക. കമ്പനിയുടെ വെബ്സൈറ്റും അഡ്രസ്സും കൃത്യമാണോ എന്ന് പരിശോധിക്കുകയും ചെയ്യണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്കി.