ഫെബ്രുവരിയോടെ ആൽബർട്ടയിൽ കാലാവസ്ഥ മെച്ചപ്പെടുമെന്ന് റിപ്പോർട്ട് , ശൈത്യത്തിനിടെ ആശ്വാസമായി ഇളംചൂടുള്ള ദിനങ്ങൾ

By: 600110 On: Jan 29, 2026, 5:02 AM

 

ആൽബർട്ടയിൽ കടുത്ത ശൈത്യത്തിന് അല്പം ആശ്വാസം ഉണ്ടായേക്കുമെന്ന് സൂചന നല്കി ഫെബ്രുവരി മാസത്തെ കാലാവസ്ഥാ പ്രവചനം പുറത്തുവന്നു. അടുത്ത മാസം സംസ്ഥാനത്തുടനീളം താരതമ്യേന സുഖകരമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകർ റിപ്പോർട്ട് ചെയ്യുന്നു.

മധ്യ-തെക്കൻ അൽബർട്ടയിൽ താപനില ഉയരും. എഡ്‌മൻ്റൺ, റെഡ് ഡിയർ, കാൽഗറി തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്ന മധ്യ-തെക്കൻ ആൽബർട്ടയിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. അതിശൈത്യത്തിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിക്കുമെന്നത് നഗരവാസികളെ സംബന്ധിച്ച് വലിയ വാർത്തയാണ്.

അതേസമയം, വടക്കൻ ആൽബർട്ടയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമാകാനാണ് സാധ്യത. ഇവിടെ താപനില സാധാരണ നിലയ്ക്ക് മുകളിലേക്കും താഴേക്കും ഇടയ്ക്കിടെ മാറിമറിയുമെന്ന് പ്രവചനമുണ്ട്. കൂടാതെ, മധ്യ-വടക്കൻ മേഖലകളിൽ കൂടുതൽ മഴയ്ക്കോ മഞ്ഞുവീഴ്ചയ്ക്കോ സാധ്യതയുണ്ട്. എന്നാൽ തെക്കൻ ആൽബർട്ടയിൽ കാര്യമായ മഴയോ മഞ്ഞോ ഉണ്ടാകുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തമായ സൂചനകളില്ല.

കാലാവസ്ഥാ പാറ്റേണുകൾ ഓരോ ആഴ്ചയും മാറിക്കൊണ്ടിരിക്കുമെന്ന് എൻവയോൺമെൻ്റ് കാനഡയിലെ വിദഗ്ധ നതാലി ഹാസൽ പറഞ്ഞു. ഇക്കുറി 'ലാ നിന' (La Niña) പ്രതിഭാസം സംസ്ഥാനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി അവസാന വാരത്തോടെ താപനില വീണ്ടും താഴാൻ സാധ്യതയുണ്ടെങ്കിലും, വരാനിരിക്കുന്ന വസന്തകാലത്തിന് മുന്നോടിയായുള്ള ഈ ഇളംചൂട് ആൽബെർട്ടക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.