ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഏഷ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധനകൾ കർശനമാക്കി. പശ്ചിമ ബംഗാളിൽ നിന്നുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് തായ്‌ലൻഡ് മൂന്ന് വിമാനത്താവളങ്ങളിൽ സ്ക്രീനിംഗ് ആരംഭിച്ചു. നേപ്പാളും കാഠ്മണ്ഡു വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളിലും സമാനമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
ഡിസംബറിന് ശേഷം പശ്ചിമ ബംഗാളിൽ രണ്ട് ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 196 പേരെ നിരീക്ഷിച്ചെങ്കിലും എല്ലാവരുടെയും പരിശോധനാ ഫലം നിലവിൽ നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരകമായ വൈറസാണ് നിപ. പനി, തലവേദന, ശ്വാസതടസ്സം, പേശി വേദന എന്നിവയാണ് ഇതിൻ്റെ പ്രാഥമിക ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുന്ന സാഹചര്യത്തിൽ മസ്തിഷ്ക വീക്കത്തിനും (Encephalitis) മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്കും ഇത് നയിച്ചേക്കാം.
നിലവിൽ നിപ വൈറസിനെതിരെ ഫലപ്രദമായ വാക്സിനുകളോ മരുന്നുകളോ ലഭ്യമല്ലാത്തതിനാൽ 40 മുതൽ 75 ശതമാനം വരെയാണ് ഇതിന്റെ മരണനിരക്ക്. വൈറസ് ബാധിച്ച വവ്വാലുകൾ, പന്നികൾ എന്നിവയിൽ നിന്നോ മലിനമായ ആഹാരത്തിലൂടെയോ ഇത് പടരാം എന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.