വേൾഡ് ഇക്കണോമിക് ഫോറത്തിലെ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നില്ക്കുന്നുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Jan 28, 2026, 12:35 PM

 

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ താൻ നടത്തിയ പ്രസംഗത്തിനിടെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നില്ക്കുന്നുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വേൾഡ് ഇക്കണോമിക് ഫോറത്തിനിടെയുണ്ടായ ഏറ്റവും ശ്രദ്ധേയ പ്രസംഗങ്ങളിൽ ഒന്നായിരുന്നു മാർക് കാർണിയുടേത്.  ലോകത്തെ നിലവിലെ നിയമവ്യവസ്ഥകൾ അവസാനിക്കുകയാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ, കാനഡയെപ്പോലുള്ള രാജ്യങ്ങൾ സ്വയം സംരക്ഷിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ലോക നേതാക്കളും ബിസിനസ് പ്രമുഖരും കാർണിയുടെ പ്രസംഗത്തെ എഴുന്നേറ്റു നിന്ന് കൈയടിച്ച് അഭിനന്ദിച്ചിരുന്നു. എന്നാൽ, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് കാർണിയുടെ പ്രസംഗം ഇഷ്ടപ്പെട്ടിരുന്നില്ല. തുടർന്ന് ട്രംപ് കാർണിയെ ഫോണിൽ വിളിച്ച് വ്യാപാരം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു.

ഈ സംഭാഷണത്തിന് ശേഷം, കാർണി തൻ്റെ വാക്കുകൾ പിൻവലിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് അവകാശപ്പെട്ടിരുന്നു. എന്നാൽ കാർണി ഇത് നിഷേധിക്കുകയും താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും പറഞ്ഞു. ഉക്രെയ്ൻ, വെനസ്വേല, ആർട്ടിക് സുരക്ഷ എന്നിവയെക്കുറിച്ച് ട്രംപുമായി നല്ല രീതിയിൽ സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുമായുള്ള കാനഡയുടെ പുതിയ വ്യാപാര കരാറിനെക്കുറിച്ചും കാർണി വിശദീകരിച്ചു. എന്നാൽ ട്രംപ് ഇതിനെ വിമർശിക്കുകയും കാനഡയിൽ നിന്നുള്ള സാധനങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എങ്കിലും, കാനഡ സ്വന്തം വ്യാപാര തീരുമാനങ്ങളെ സംരക്ഷിക്കുമെന്നും ഗ്രീൻലൻഡ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും കാർണി ആവർത്തിച്ചു.