ആൽബർട്ടയിലെ കാൻമോറിൽ ഹോട്ടൽ പൂളിൽ വിഷവാതക ചോർച്ച: 11 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By: 600110 On: Jan 28, 2026, 11:35 AM

കാൻമോറിലെ ഒരു ഹോട്ടൽ പൂളിൽ നീന്തുന്നതിനിടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് 11 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാൻമോർ ഇൻ ആൻഡ് സ്യൂട്ട്സ്  ഹോട്ടലിൽ കഴിഞ്ഞെ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

കുട്ടികൾ തുടർച്ചയായി ഛർദ്ദിക്കുകയും ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് അധികൃതർ അടിയന്തര വിഭാഗത്തിന്റെ സഹായം തേടിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തുമ്പോൾ മുപ്പതോളം കുട്ടികൾ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നു. അപകടകരമായ രാസവസ്തുക്കൾ ശ്വസിച്ചതാകാം കാരണമെന്ന് പ്രാഥമിക നിഗമനത്തിലെത്തിയ ഉദ്യോഗസ്ഥർ ഉടൻ തന്നെ പൂൾ ഒഴിപ്പിച്ചു. തുടർന്ന് നടത്തിയ വായു പരിശോധനയിൽ, ക്ലോറിൻ (Chlorine) വാതകത്തിന്റെ സാന്നിധ്യം അനുവദനീയമായ അളവിലും കൂടുതലാണെന്ന് കണ്ടെത്തി.

അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഒമ്പത് കുട്ടികളെ മാതാപിതാക്കൾ തന്നെ നേരിട്ട് കാൻമോർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഒരു കുട്ടിയെ ആംബുലൻസിലാണ് കൊണ്ടുപോയത്. ആകെ 11 കുട്ടികളാണ് ചികിത്സയിലുള്ളത്. ഇതിൽ പത്തുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ, നില ഗുരുതരമായ ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കാൽഗറിയിലെ ആൽബർട്ട ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ഈ കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

ഹോട്ടലിലെ മെക്കാനിക്കൽ റൂമിലുണ്ടായ സാങ്കേതിക തകരാറാണ് ക്ലോറിൻ ചോർച്ചയ്ക്ക് കാരണമായതെന്ന് ഫയർഫോഴ്സ് സ്ഥിരീകരിച്ചു. പ്രദേശം പൂർണ്ണമായും സുരക്ഷിതമാകുന്നത് വരെ വായുസഞ്ചാരം ഉറപ്പാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആരോഗ്യവകുപ്പുമായി സഹകരിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും ഹോട്ടൽ മാനേജ്മെന്റ് അറിയിച്ചു.