കാൽഗറിയിലെ ആശുപത്രികളിൽ പ്രതിസന്ധി തുടരുന്നു: രോഗികൾക്ക് കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ

By: 600110 On: Jan 28, 2026, 11:25 AM

കാൽഗറിയിലെ ആശുപത്രികളിൽ രോഗികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള വാർത്തകൾ വീണ്ടും സജീവമാകുന്നു. ചികിത്സയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പു സമരം നീളുന്നത് മൂലം രോഗികൾ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇത് വലിയ വിമർശനങ്ങൾക്കും ഇടയാക്കുന്നുണ്ട്.  

പ്രമേഹരോഗിയായ ഒരു സ്ത്രീയ്ക്ക് റോക്കിവ്യൂ ജനറൽ ആശുപത്രിയിൽ ഏഴ് മണിക്കൂറോളമാണ് കാത്തിരിക്കേണ്ടി വന്നത്.അവരുടെ ഇൻസുലിൻ പമ്പ് പ്രവർത്തനരഹിതമായതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയിൽ ഉയർന്നു. നഴ്സുമാരോട് സഹായം അഭ്യർത്ഥിച്ചിട്ടും  മണിക്കൂറുകൾക്ക് ശേഷമാണ് അവർക്ക് ചികിത്സ ലഭിച്ചത്.മറ്റൊരു സ്ത്രീക്ക് പ്രസവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം കടുത്ത രക്തസ്രാവം ഉണ്ടായി. ഫുട്ട്‌ഹിൽസ് മെഡിക്കൽ സെൻ്ററിൽ മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് അവർക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ മനസ്സിലാക്കിയത്. അമിതമായി രക്തം നഷ്ടപ്പെട്ടതിനെത്തുടർന്ന് ജീവൻ രക്ഷിക്കാനായി അവരുടെ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നു.

ആൽബർട്ടയിലെ ആശുപത്രികളിലെ തിരക്ക് കാരണം ഉണ്ടാകുന്ന വലിയ പ്രതിസന്ധിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ സംഭവങ്ങളെന്ന് ഡോക്ടർമാർ പറയുന്നു. കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി പുതിയ പദ്ധതികളും കൂടുതൽ കിടക്കകളും അനുവദിക്കുമെന്ന് പ്രവിശ്യാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.