പ്രസാദ് തിയോടിക്കല്‍
ചെങ്ങന്നൂര്‍: ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയില്‍ ചൊവാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിനി ബിന്‍സി റോബിന്‍ വര്‍ഗീസ് (41) അന്തരിച്ചു. നാസിക്കില്‍ നിന്നും സൂററ്റിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.
പാണ്ടനാട് മേടയില്‍ ടൈറ്റസിന്റെയും പരേതയായ പൊന്നമ്മയുടെയും മകളാണ് ബിന്‍സി. ഭര്‍ത്താവ് റോബിന്‍ പള്ളിപ്പാട് സ്വദേശിയാണ്. ഏക മകനൊപ്പം നാസിക്കിലായിരുന്നു ബിന്‍സിയും കുടുംബവും താമസിച്ചിരുന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന ബിന്‍സണ്‍ ഏക സഹോദരനാണ്.
നാസിക്കിലെ സ്വകാര്യ നേഴ്‌സിംഗ് കോളേജിലെ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിന്‍സി. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് റോബിന്‍, മകന്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാര്‍ഡോളിയിലുള്ള സര്‍ദാര്‍ സ്മാരക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലവില്‍ മാണ്ഡവി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. പാണ്ടനാട് ചര്‍ച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍ ഔദ്യോഗിക ശുശ്രൂഷകളോടെ സംസ്‌കാരം നടക്കും. സംസ്‌കാര സമയം പിന്നീട് അറിയിക്കുന്നതാണ്.