യുഎസ് പൗരത്വമുള്ള അഞ്ചുവയസ്സുകാരിയെ നാടുകടത്തി; ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം

By: 600002 On: Jan 28, 2026, 7:53 AM



 

പി പി ചെറിയാന്‍

അമേരിക്കന്‍ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റര്‍ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കര്‍ശനമായ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ നടപടി.

ടെക്‌സസിലെ ഓസ്റ്റിനില്‍ ജനിച്ചു വളര്‍ന്ന ജെനസിസിനെയും അമ്മ കാരെന്‍ ഗുട്ടറസിനെയും ജനുവരി 11-നാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അമ്മയ്‌ക്കെതിരെയുള്ള പഴയ നാടുകടത്തല്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

കുട്ടി അമേരിക്കന്‍ പൗരയാണെന്ന വാദം അധികൃതര്‍ ചെവിക്കൊണ്ടില്ല. അഭിഭാഷകനെയോ കോടതിയെയോ സമീപിക്കാന്‍ അനുവദിക്കാതെ രഹസ്യമായി ഹോട്ടലില്‍ പാര്‍പ്പിച്ച ശേഷമാണ് ഇവരെ നാടുകടത്തിയത്.

നിലവില്‍ ഹോണ്ടുറാസിലുള്ള ജെനസിസിന് അവിടുത്തെ ഭാഷയോ സാഹചര്യങ്ങളോ അറിയില്ല. മകളുടെ ഭാവി കണക്കിലെടുത്ത് അവളെ തിരികെ അമേരിക്കയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് അയക്കാന്‍ അമ്മ തീരുമാനിച്ചിരിക്കുകയാണ്.

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നിര്‍ത്തലാക്കാന്‍ ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഏകദേശം 53 ലക്ഷം യുഎസ് പൗരത്വമുള്ള കുട്ടികള്‍ ഇത്തരം ഭീഷണി നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍.