പി പി ചെറിയാന്‍
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയില്‍ (ഓപ്പറേഷന്‍ 'സ്റ്റാന്‍ഡ് ഓണ്‍ ഡിമാന്‍ഡ്') 120 പേര്‍ അറസ്റ്റിലായി. ജനുവരി 19 മുതല്‍ 24 വരെ സംസ്ഥാനത്തെ വിവിധ കൗണ്ടികളിലായി 18-ലധികം സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായാണ് ഈ ഓപ്പറേഷന്‍ നടത്തിയത്.
അറസ്റ്റിലായവരില്‍ 105 പേരും സാന്‍ ഡിയാഗോ കൗണ്ടിയില്‍ നിന്നുള്ളവരാണ്. ഇതില്‍ 87 പേര്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി തടിച്ചുകൂടിയതിനും, 25 പേര്‍ ഇടപാടുകാര്‍ എന്ന നിലയിലും, എട്ടുപേര്‍ പെണ്‍വാണിഭ സംഘത്തലവന്‍മാര്‍ (Pimping) എന്ന നിലയിലുമാണ് പിടിയിലായത്.
ഇരകളെ രക്ഷപ്പെടുത്തുക, സേവനങ്ങള്‍ തേടി എത്തുന്നവരെ (Demand) പിടികൂടുക വഴി ഇത്തരം ശൃംഖലകള്‍ തകര്‍ക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. മയക്കുമരുന്ന് കച്ചവടം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് സാന്‍ ഡിയാഗോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സമ്മര്‍ സ്റ്റീഫന്‍ പറഞ്ഞു.
അസംബ്ലി ബില്‍ 379 പ്രകാരം പോലീസിന് ലഭിച്ച കൂടുതല്‍ അധികാരങ്ങള്‍ ഇത്തരം മാഫിയകളെ അടിച്ചമര്‍ത്താന്‍ സഹായിച്ചതായി സാന്‍ ഡിയാഗോ പോലീസ് ചീഫ് സ്‌കോട്ട് വാള്‍ വ്യക്തമാക്കി.
നമ്മുടെ സമൂഹത്തില്‍ അദൃശ്യമായും പരസ്യമായും നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്സിന്റെ സേവനം അനിവാര്യമാണെന്ന് അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ട കൂട്ടിച്ചേര്‍ത്തു.