റേഡൺ വാതകവും ശ്വാസകോശ അർബുദവും; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

By: 600110 On: Jan 27, 2026, 11:02 AM


വീടുകൾക്കുള്ളിൽ രൂപപ്പെടുന്ന റേഡൺ എന്ന അദൃശ്യ റേഡിയോ ആക്ടീവ് വാതകം കാരണം കാനഡയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഇതിലൂടെ പുകവലിക്കാത്തവരിലും അർബുദം പടരുന്നു എന്നതാണ് ഗൗരവകരമായ കാര്യം. കാൽഗറി സ്വദേശിയായ സ്റ്റീവ് ബ്ലെയ്ക്ക് എന്ന പുകവലിക്കാത്ത, ആരോഗ്യവാനായ വ്യക്തിക്ക് സ്റ്റേജ് 4 ശ്വാസകോശ അർബുദം സ്ഥിരീകരിച്ചത് ഈ ഗ്യാസിൻ്റെ സാന്നിധ്യം മൂലമാണ്.

മണ്ണിലും പാറകളിലുമുള്ള യുറേനിയം സ്വാഭാവികമായി വിഘടിക്കുമ്പോഴാണ് റേഡൺ വാതകം ഉണ്ടാകുന്നത്. പുറംലോകത്ത് ഇത് ദോഷകരമല്ലെങ്കിലും, വീടുകൾക്കുള്ളിൽ ഇത് അപകടകരമായ അളവിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. കാനഡയിൽ ഓരോ വർഷവും ഏകദേശം 3,200 ശ്വാസകോശ അർബുദ മരണങ്ങൾക്ക് റേഡൺ കാരണമാകുന്നു എന്നാണ് ഹെൽത്ത് കാനഡയുടെ കണക്ക്. റേഡൺ ബാധ അളക്കാൻ കാനഡയിലെ ഗവേഷകർ ഇപ്പോൾ ആളുകളുടെ കാൽനഖങ്ങൾ  ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. റേഡണിൽ നിന്നുള്ള റേഡിയോ ആക്ടീവ് ലെഡിൻ്റെ സാന്നിധ്യം പത്ത് വർഷത്തിലധികം നഖങ്ങളിൽ നിലനിൽക്കും എന്നതാണ് ഇതിന് കാരണം.

ദീർഘകാലത്തെ റേഡൺ ബാധ തെളിയിക്കാൻ ഈ പരിശോധനയിലൂടെ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഇത് വഴി പുകവലിക്കാത്തവർക്കും റേഡൺ ബാധയുടെ അടിസ്ഥാനത്തിൽ മുൻകൂട്ടിയുള്ള കാൻസർ സ്ക്രീനിംഗിന് അർഹത ലഭിക്കും. രോഗം നേരത്തെ കണ്ടെത്താനും റേഡണിനെക്കുറിച്ച് ബോധവൽക്കരണം നൽകാനും ഈ പദ്ധതിയിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.