കാനഡ പെൻഷൻ പ്ലാനിൽ (CPP) നിന്നുള്ള പിന്മാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ആൽബർട്ട പ്രവിശ്യയും തമ്മിലുള്ള പോര് മുറുകുന്നു. കൃത്യമായ പെൻഷൻ വിഹിതം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ നിയമപോരാട്ടത്തിന് ഇറങ്ങുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത് മുന്നറിയിപ്പ് നൽകി.
സി.പി.പി ഫണ്ടിൻ്റെ വലിയൊരു ഭാഗം ആൽബർട്ടയ്ക്ക് അവകാശപ്പെട്ടതാണെന്നാണ് ഡാനിയൽ സ്മിത്തിൻ്റെ വാദം. പ്രവിശ്യയിലെ യുവ തൊഴിലാളികൾ മറ്റ് ഇടങ്ങളെ അപേക്ഷിച്ച് കൂടുതൽ തുക പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കുന്നുണ്ടെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ആൽബർട്ട ആവശ്യപ്പെടുന്ന 300 ബില്യൺ ഡോളറിലധികം വരുന്ന തുക അമിതമാണെന്നാണ് ഫെഡറൽ സർക്കാരിന്റെ പക്ഷം. ആൽബർട്ട പദ്ധതിയിൽ നിന്ന് പിന്മാറുന്നത് കാനഡയിലുടനീളമുള്ള ലക്ഷക്കണക്കിന് പെൻഷൻകാരുടെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും ഫെഡറൽ സർക്കാർ ഭയപ്പെടുന്നു.
വിഹിതം സംബന്ധിച്ച് വ്യക്തമായ കണക്കുകൾ നൽകാൻ ചീഫ് ആക്ച്വറി ഓഫീസിനോട് ആവശ്യപ്പെട്ടിട്ടും ഫെഡറൽ സർക്കാർ മനഃപൂർവ്വം കാലതാമസം വരുത്തുകയാണെന്ന് പ്രീമിയർ കുറ്റപ്പെടുത്തി. സ്വന്തമായി പെൻഷൻ പദ്ധതി തുടങ്ങുന്നതിന് മുൻപ് സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണമായ വ്യക്തത വേണമെന്ന ഉറച്ച നിലപാടിലാണ് ആൽബർട്ട. കേന്ദ്ര സർക്കാർ സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ, അർഹമായ തുക എത്രയെന്ന് തീരുമാനിക്കാൻ കോടതിയെ സമീപിക്കാനാണ് പ്രവിശ്യാ സർക്കാരിന്റെ നീക്കം.