പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആഞ്ഞടിക്കുന്ന അതിശക്തമായ ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും മരിച്ചവരുടെ എണ്ണം 34 ആയി ഉയര്‍ന്നു. 14 സംസ്ഥാനങ്ങളെ ബാധിച്ച ഈ പ്രകൃതിക്ഷോഭം രാജ്യത്തെ ജനജീവിതം പൂര്‍ണ്ണമായും തകിടം മറിച്ചിരിക്കുകയാണ്.
ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണം (9 പേര്‍) റിപ്പോര്‍ട്ട് ചെയ്തത്. ടെക്‌സസ്, ലൂസിയാന, പെന്‍സില്‍വേനിയ തുടങ്ങി 14 സംസ്ഥാനങ്ങളില്‍ മരണങ്ങള്‍ സ്ഥിരീകരിച്ചു. അതിശൈത്യവും (Hypothermia) മഞ്ഞിലെ അപകടങ്ങളുമാണ് മരണകാരണം.
തിങ്കളാഴ്ച മാത്രം 5,220 വിമാനങ്ങള്‍ റദ്ദാക്കി. ഞായറാഴ്ച 11,000 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു; ഇത് കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ സ്തംഭനമാണ്. ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ 71% സര്‍വീസുകളും നിലച്ചു.
കനത്ത മഞ്ഞുവീഴ്ചയില്‍ പവര്‍ ലൈനുകള്‍ തകരാറിലായതോടെ പത്തുലക്ഷത്തിലധികം പേര്‍ കടുത്ത തണുപ്പില്‍ വൈദ്യുതിയില്ലാതെ ദുരിതത്തിലാണ്. ശീതക്കാറ്റ് മൂലമുള്ള നാശനഷ്ടങ്ങള്‍ 115 ബില്യണ്‍ ഡോളര്‍ വരെയാകുമെന്ന് അക്യുവെതര്‍ (AccuWeather) കണക്കാക്കുന്നു.
വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അത്യാവശ്യത്തിനല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.