H-1B വിസ ഇൻ്റർവ്യൂ സ്ലോട്ടുകൾ നീളുന്നു, ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി

By: 600110 On: Jan 26, 2026, 10:08 AM

അമേരിക്കൻ കമ്പനികളിൽ ജോലി ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് എച്ച്-1ബി  വിസാ നടപടികൾ അനിശ്ചിതത്വത്തിൽ. ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകളിൽ വിസാ ഇൻ്റർവ്യൂ സ്ലോട്ടുകൾ ലഭിക്കാൻ ഇപ്പോൾ 2027 വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 2026 വർഷത്തേക്ക് വിസ സ്റ്റാമ്പിംഗിനായി പുതിയ തീയതികളൊന്നും നിലവിൽ ലഭ്യമല്ല. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ യുഎസ് വിസ ഓഫീസുകൾ പതിവ് ഇൻ്റർവ്യൂ സ്ലോട്ടുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്റർവ്യൂ നിശ്ചയിച്ചിരുന്ന പല അപേക്ഷകർക്കും തീയതികൾ 2027 ഏപ്രിൽ-മെയ് മാസങ്ങളിലേക്ക് മാറ്റിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചു കഴിഞ്ഞു.

ട്രംപ് ഭരണകൂടം നടപ്പിലാക്കിയ പുതിയ പരിഷ്കാരങ്ങളാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. എച്ച്-1ബിക്ക് പുറമെ എൽ, ഒ, പി, ക്യു തുടങ്ങിയ വിസകൾക്കും നിലവിൽ സ്ലോട്ടുകൾ ലഭ്യമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നിയമങ്ങളാണ് നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നത്.

കഴിഞ്ഞ 50 ദിവസമായി ഇന്ത്യയിൽ പുതിയ സ്ലോട്ടുകളൊന്നും അനുവദിച്ചിട്ടില്ലെന്ന് പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി എമിലി നുമാൻ ചൂണ്ടിക്കാട്ടി. നിലവിൽ അമേരിക്കയിലുള്ള എച്ച്-1ബി ഉടമകൾ സ്റ്റാമ്പിംഗിനായി ഇന്ത്യയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും, നിലവിലെ സാഹചര്യത്തിൽ വിസ നിരസിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രതിവർഷം അനുവദിക്കുന്ന 85,000 വിസകളുടെ എണ്ണത്തിൽ മാറ്റമില്ലെങ്കിലും, നടപടിക്രമങ്ങളിലെ അനിശ്ചിതത്വം ആയിരക്കണക്കിന് ഇന്ത്യൻ ഐടി ഉദ്യോഗസ്ഥരുടെ ഭാവി ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.