ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗല്‍ സെല്‍ ഒമാന്‍

By: 600002 On: Jan 26, 2026, 9:54 AM




പി പി ചെറിയാന്‍ 

മസ്‌കറ്റ്: തൊഴില്‍ തട്ടിപ്പിലകപ്പെട്ട ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗല്‍ സെല്‍ ഒമാന്‍ ചാപ്റ്റര്‍. തൊഴില്‍ വിസ നല്‍കാമെന്ന ഉറപ്പില്‍ ഏജന്‍സിക്കു പണം നല്‍കി ഓമനിലെത്തിയ തിരുവനന്തപുരം സ്വദേശി ഹേമന്ദ്, കന്യാകുമാരി സ്വദേശി ജൈഫര്‍ എന്നിവര്‍ക്കാണ് നാട്ടില്‍ തിരിച്ചെത്തുവാനുള്ള സഹായം ഉറപ്പുവരുത്തിയത്. വിസിറ്റ് വിസയില്‍ ഓമനിലെത്തിയ ഹേമന്ദിനും ജൈഫറിനും ജോലിചെയ്യാനുള്ള വിസയോ മറ്റും നല്‍കാതെ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തി ചൂഷണം ചെയ്തുവരുന്ന സാഹചര്യത്തിലാണ് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് ഒമാനിലെ പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധിയായ ബാലകൃഷ്ണന്‍ വലിയാട്ടിനെ ഇവര്‍ സമീപിച്ചത്. 

പ്രവാസി ലീഗല്‍ സെല്‍ ഒമാന്‍ ചാപ്റ്റര്‍ അദ്ധ്യക്ഷയായ അഡ്വ. ജെസ്സി ജോസ്, ജാസ്സിം, സജീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ഈ വിഷയത്തില്‍ ഇടപെടുകയും പാസ്സ്‌പോര്‍ട്ട് തിരികെ മേടിച്ചുകൊണ്ട് സുരക്ഷിതമായി നാട്ടിലെത്താനായുള്ള സഹായസഹകരണങ്ങള്‍ ഉറപ്പുവരുത്തുകയുമായിരുന്നു. നിരവധി ചെറുപ്പക്കാരാണ് ഇത്തരത്തില്‍ അനധികൃതമായ തൊഴില്‍ തട്ടിപ്പിന് ഒമാനില്‍ വിധേയരാവുന്നത് എന്നും വേണ്ടത്ര ശ്രദ്ധ സുരക്ഷിത കുടിയേറ്റവുമായി ബന്ധപെട്ടു ഉദ്യോഗാര്‍ത്ഥികള്‍ കാണിക്കുന്നില്ല എന്നും പ്രവാസി ലീഗല്‍ സെല്‍ ഒമാന്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍ പറഞ്ഞു. 

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വ്യാജ റിക്രൂട്‌മെന്റ് ഏജെന്‍സികളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ മുന്‍പ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഈ വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയതുമാണ്. തുടര്‍ന്ന്, നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക്‌ഫോഴ്‌സും ഉണ്ടാക്കിയിരുന്നു. വര്‍ദ്ധിച്ചു വരുന്ന വിദേശ തൊഴില്‍ തട്ടിപ്പിന് തടയിടാനായി കൂടുതലായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.