പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: മിനിയാപൊളിസിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് അമേരിക്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് (DHS) ഫണ്ട് ഉള്‍പ്പെടുന്ന ബജറ്റ് പാക്കേജിനെതിരെ സെനറ്റിലെ ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഭാഗികമായി അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടായാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് അവര്‍.
മിനിയാപൊളിസില്‍ ബോര്‍ഡര്‍ പട്രോള്‍ ഉദ്യോഗസ്ഥന്‍ 37 കാരനെ വെടിവെച്ചു കൊന്ന സംഭവമാണ് ഡെമോക്രാറ്റുകളെ ചൊടിപ്പിച്ചത്. കുടിയേറ്റ ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം തടയാന്‍ കര്‍ശനമായ മേല്‍നോട്ടം വേണമെന്ന് സെനറ്റ് മൈനോറിറ്റി ലീഡര്‍ ചക്ക് ഷൂമര്‍ ആവശ്യപ്പെട്ടു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സെനറ്റില്‍ 53-47 എന്ന ഭൂരിപക്ഷമുണ്ടെങ്കിലും, ബജറ്റ് പാസാക്കാന്‍ 60 വോട്ടുകള്‍ ആവശ്യമാണ്. അതിനാല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ ബില്ല് പാസാക്കാന്‍ കഴിയില്ല.
ജനുവരി 31-നകം ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ഫെഡറല്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. മിനസോട്ടയിലെ സംഭവങ്ങള്‍ അങ്ങേയറ്റം ഭയാനകമാണെന്നും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ നിലവിലെ ബില്ല് പര്യാപ്തമല്ലെന്നും ഷൂമര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.