ഒൻ്റാരിയോ വിക്ടോറിയ പാർക്കിൽ മലയാളികൾക്ക് നേരെയുള്ള അതിക്രമത്തിൽ ശക്തമായ പ്രതിഷേധവുമായി CCMA

By: 600110 On: Jan 24, 2026, 12:53 PM

ഒൻ്റാരിയോയിലെ ലണ്ടനിൽ, വിക്ടോറിയ പാർക്കിൽ മലയാളികൾക്ക് നേരെയുണ്ടായ ക്രൂരമായ വംശീയ ആക്രമണത്തെ സെൻ്റർ ഫോർ കനേഡിയൻ മലയാളി അഫയേഴ്സ് ശക്തമായി അപലപിച്ചു. ആക്രമണത്തിന് ഇരയായവർക്ക് ഗുരുതരമായ ശാരീരിക പരിക്കുകൾക്ക് പുറമെ കടുത്ത മാനസികാഘാതവും നേരിടേണ്ടി വന്നതായി സംഘടന അറിയിച്ചു.
 
കാനഡ ഉയർത്തിപ്പിടിക്കുന്ന മാനുഷികത, സുരക്ഷ, എല്ലാവരെയും ഉൾക്കൊള്ളുന്ന സഹിഷ്ണുത എന്നീ മൂല്യങ്ങളെ തകർക്കുന്നതാണ് ഇത്തരം വംശീയ അധിക്ഷേപങ്ങളെന്ന് CCMA ചൂണ്ടിക്കാട്ടി.  . ഭയവും വിവേചനവുമില്ലാതെ സമാധാനപരമായി ജീവിക്കാനുള്ള അവകാശം കാനഡയിൽ താമസിക്കുന്ന എല്ലാവർക്കുമുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നും സംഘടന ഓർമ്മിപ്പിച്ചു.

സംഭവത്തിൽ ലണ്ടൻ നഗരസഭയും പോലീസും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് CCMA ആവശ്യപ്പെട്ടു. ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളെ ഗൗരവമായി കാണുകയും പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ ശക്തമാക്കുകയും വേണം.  വിദ്വേഷത്തെയും അസഹിഷ്ണുതയെയും തള്ളിക്കളയാൻ എല്ലാ കനേഡിയൻ പൗരന്മാരും ഒറ്റക്കെട്ടായി നിൽക്കണമെന്നും CCMA ആഹ്വാനം ചെയ്തു.

ആക്രമണത്തിന് ഇരയായവർക്ക് CCMA പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കാനഡയിലെ മലയാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി സർക്കാരുകളുമായും വിവിധ സാമൂഹിക സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും CCMA അറിയിച്ചു.