കാനഡയിലെ പ്രമുഖ പലചരക്ക് വ്യാപാര ശൃംഖലകളായ ലോബ്ലോസ് (Loblaws), സോബീസ് (Sobeys), മെട്രോ (Metro) തുടങ്ങിയ കമ്പനികൾ നിയമപരമായ പഴുതുകൾ ഉപയോഗിച്ച് വിപണിയിലെ മത്സരം ഇല്ലാതാക്കുന്നതായി റിപ്പോർട്ട്. സിബിസി മാർക്കറ്റ്‌പ്ലേസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 'പ്രോപ്പർട്ടി കൺട്രോൾ' കരാറുകളിലൂടെ ചെറുകിട വ്യാപാരികളെയും മറ്റ് മത്സര ഏജൻസികളെയും വിപണിയിൽ നിന്ന് അകറ്റിനിർത്തുകയാണ് ഈ കമ്പനികൾ ചെയ്യുന്നത്.
ഒരു നിശ്ചിത സ്ഥലത്തോ മാളിലോ തങ്ങളുടെ സ്റ്റോറുകൾ തുടങ്ങുന്നതിന് പകരമായി, ആ പരിസരത്ത് മറ്റ് പലചരക്ക് കടകളോ ഫാർമസികളോ ഗ്യാസ് സ്റ്റേഷനുകളോ തുടങ്ങാൻ പാടില്ലെന്ന കർശന വ്യവസ്ഥയാണ് ഈ കമ്പനികൾ ഭൂവുടമകളുമായി ഒപ്പിടുന്നത്.'എക്സ്ക്ലൂസിവിറ്റി ക്ലോസുകൾ' എന്നറിയപ്പെടുന്ന ഈ കരാറുകൾ വഴി അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വരെ പുതിയ ഭക്ഷ്യവിൽപ്പനശാലകൾ വരുന്നത് തടയാൻ ഇവർക്ക് സാധിക്കുന്നു.
വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങൾ സാധാരണക്കാരായ ഉപഭോക്താക്കളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഉദാഹരണത്തിന്, വിന്നിപെഗിലെ ഒരു സോബീസ് സ്റ്റോറിന് സമീപം പുതിയ ഭക്ഷ്യവിൽപ്പനശാലകൾ തുടങ്ങണമെങ്കിൽ സോബീസിന്റെ പ്രത്യേക അനുമതി വേണമെന്ന സാഹചര്യമാണ് നിലവിലുള്ളത്.
മത്സരിക്കാൻ മറ്റ് കടകളില്ലാത്ത അവസ്ഥ നിലവിൽ വരുന്നതോടെ സാധനങ്ങൾക്ക് ഈ വൻകിട കമ്പനികൾ നിശ്ചയിക്കുന്ന അമിതവില നൽകാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നു. ഇത് ഗൗരവകരമായ സാമ്പത്തിക ആഘാതമുണ്ടാക്കുമെന്നും ചെറുകിട വ്യാപാരികളുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യവിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന കാനഡയിലെ സാധാരണക്കാർക്ക് വൻകിട കമ്പനികളുടെ ഇത്തരം നീക്കങ്ങൾ കനത്ത തിരിച്ചടിയായിരിക്കുകയാണ്.