കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് 2025-ൽ ഭവനനിർമ്മാണ മേഖലയിൽ വൻ മുന്നേറ്റവുമായി ആൽബർട്ട. കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ (CMHC) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ദേശീയതലത്തിൽ ഭവനനിർമ്മാണത്തിൽ 5.6 ശതമാനം വർധനവുണ്ടായപ്പോൾ ആൽബർട്ടയിൽ ഇത് 14 ശതമാനമാണ്. കഴിഞ്ഞ വർഷം പ്രവിശ്യയിൽ 53,000 പുതിയ വീടുകളുടെ നിർമ്മാണം ആരംഭിച്ചതായി സർക്കാർ അറിയിച്ചു.
കാനഡയിലെ ആകെ ജനസംഖ്യയുടെ 12 ശതമാനത്തിൽ താഴെ മാത്രമുള്ള ആൽബർട്ട, രാജ്യത്തെ ആകെ ഭവനനിർമ്മാണത്തിൻ്റെ നാലിലൊന്ന് വിഹിതം കൈയ്യാളുന്നത് വലിയ നേട്ടമാണെന്ന് ഭവനനിർമ്മാണ മന്ത്രി ജേസൺ നിക്സൺ വ്യക്തമാക്കി. വാടക വീടുകളുടെ നിർമ്മാണത്തിലുണ്ടായ വർധനവാണ് ഈ നേട്ടത്തിന് പ്രധാനമായും കരുത്തേകിയത്.
അതേസമയം, കുറഞ്ഞ വരുമാനക്കാർക്കുള്ള അഫോർഡബിൾ വീടുകൾ നിർമ്മിക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രതിപക്ഷമായ എൻ.ഡി.പി ആവശ്യപ്പെട്ടു. ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ഥിരമായ പിന്തുണ വേണമെന്നും എൻ.ഡി.പി വിമർശിച്ചു.
ആൽബർട്ടയിലെ ശരാശരി വാടക നിരക്ക് ദേശീയ ശരാശരിയേക്കാൾ ഏകദേശം 400 ഡോളർ കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ടൊറൻ്റോ, വാൻകൂവർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഭവനനിർമ്മാണത്തിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ, മോൺട്രിയൽ, ഓട്ടവ, എഡ്മൻ്റൺ, കാൽഗറി എന്നിവിടങ്ങളിലെ മികച്ച പ്രകടനമാണ് ദേശീയ ശരാശരി ഉയർത്താൻ സഹായിച്ചത്. 2031-ഓടെ 25,000 അധിക വീടുകൾ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് പ്രവിശ്യാ സർക്കാർ ഇപ്പോൾ നീങ്ങുന്നത്.