കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ പൊതുവിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങൾ പുറത്തുവന്നു. ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ (ATA) അയ്യായിരത്തിലധികം അധ്യാപകർക്കിടയിൽ നടത്തിയ പഠനമനുസരിച്ച്, ഭൂരിഭാഗം അധ്യാപകരും തങ്ങളുടെ തൊഴിൽ സാഹചര്യങ്ങളിൽ അതീവ അസംതൃപ്തരും സുരക്ഷിതരല്ലെന്ന് കരുതുന്നവരുമാണ്. വിദ്യാർഥി-അധ്യാപക അനുപാതത്തിലെ വർദ്ധന, വിദ്യാർത്ഥികളിൽ നിന്നുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ, വർധിച്ചുവരുന്ന ജോലിഭാരം എന്നിവ അധ്യാപകരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും തൊഴിൽപരമായ തളർച്ചയിലേക്കും നയിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സർവേയിൽ പങ്കെടുത്ത 90 ശതമാനത്തിലധികം അധ്യാപകരും തങ്ങളുടെ തൊഴിലിൻ്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ചു. അടുത്തിടെ നടന്ന തൊഴിൽ തർക്കത്തിനിടെ അധ്യാപകരുടെ ചാർട്ടർ അവകാശങ്ങളെ മറികടന്നുകൊണ്ട് സർക്കാർ സ്വീകരിച്ച നിയമനടപടികൾ അധ്യാപകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഭരണഘടനാപരമായ അവകാശങ്ങൾ തടഞ്ഞുകൊണ്ട് പ്രവിശ്യാ സർക്കാർ നടപ്പിലാക്കിയ തീരുമാനങ്ങൾ തങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അധ്യാപകർ വിശ്വസിക്കുന്നു.
ക്ലാസ് മുറികളിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് സർക്കാർ ആവർത്തിച്ച് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവയൊന്നും പ്രായോഗികമായി നടപ്പിലാകുന്നില്ലെന്ന് എ.ടി.എ പ്രസിഡൻ്റ് ജേസൺ ഷില്ലിംഗ് പറഞ്ഞു. ക്ലാസ് മുറികളിലെ സുരക്ഷ ഉറപ്പാക്കണമെന്നും തങ്ങളുടെ തൊഴിൽപരമായ അന്തസ്സ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രവിശ്യയിലുടനീളമുള്ള അധ്യാപകർ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.