ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം;  അടുത്ത ദിവസങ്ങളിൽ ദൃശ്യമാകും

By: 600110 On: Jan 23, 2026, 10:20 AM

കാനഡയുടെ ആകാശത്ത് വരുന്ന ബുധനാഴ്ച മുതൽ ആറ് ഗ്രഹങ്ങൾ ഒരേ നിരയിൽ പ്രത്യക്ഷപ്പെടുന്ന അപൂർവ്വമായ 'പ്ലാനറ്ററി പരേഡ്' ദൃശ്യമാകും. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ പടിഞ്ഞാറൻ ആകാശത്ത് ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങൾ ഒരേ വില്ലുപോലെ നിരനിരയായി കാണപ്പെടുമെന്ന് നാസ അറിയിച്ചു. സൗരയൂഥത്തിൻ്റെ ഘടന വ്യക്തമാക്കുന്ന മനോഹരമായ കാഴ്ചയാണിതെന്ന് ടൊറൻ്റോ സർവകലാശാലയിലെ പ്രൊഫസർ റെയ്മണ്ട് കാൾബെർഗ് വിശേഷിപ്പിച്ചു.

നഗരപ്രദേശങ്ങളിലെ പ്രകാശമലിനീകരണം കുറഞ്ഞ ഇടങ്ങളിൽ നിന്ന് നോക്കിയാൽ കൂടുതൽ വ്യക്തമായി ഈ പ്രതിഭാസം കാണാൻ സാധിക്കും. കാനഡയിലെ ഒൻ്റാരിയോയുടെ വടക്കൻ മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും ഉള്ളവർക്ക് ഈ കാഴ്ച മികച്ച രീതിയിൽ കാണാൻ അവസരമുണ്ട്. കാനഡയിലെ മറ്റ് പ്രവിശ്യകളായ മാനിറ്റോബയിൽ ആറ് ഗ്രഹങ്ങളെയും കാണാൻ സാധിക്കുമ്പോൾ സസ്‌കാച്ചവനിൽ വ്യാഴം, ശനി, യുറാനസ് എന്നീ മൂന്ന് ഗ്രഹങ്ങളെയാകും കാണാൻ കഴിയുക. നിലവിൽ ചന്ദ്രൻ്റെ വെളിച്ചം കുറവായതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹങ്ങളെ കാണാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൂര്യാസ്തമയത്തിന് ഒരു മണിക്കൂറിന് ശേഷം ആകാശം നിരീക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം.