വാഹനങ്ങളുടെ ഹെഡ് ലൈറ്റിലെ അമിത വെളിച്ചം കുറയ്ക്കാൻ പ്രമേയം പാസ്സാക്കി വാൻകൂവർ സിറ്റി കൗൺസിൽ

By: 600110 On: Jan 23, 2026, 9:57 AM

കാറുകളിലെ അതിശക്തമായ ഹെഡ്‌ലൈറ്റുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രമേയം പാസ്സാക്കി വാൻകൂവർ സിറ്റി കൌൺസിൽ.  കൗൺസിലർ ഷോൺ ഓർ ആണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.  വാൻകൂവറിലെ വാഹനങ്ങളിൽ എൽഇഡി (LED), എച്ച്ഐഡി (HID) ഹെഡ്‌ലൈറ്റുകൾ ഇപ്പോൾ സാധാരണമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഹെഡ്‌ലൈറ്റുകളുടെ വെളിച്ചം വളരെ കൂടുതലാണെന്ന് പലരും പരാതിപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. 

വലിയ വാഹനങ്ങളിലാണ് ഇത്തരം ലൈറ്റുകൾക്ക് അമിതമായ തിളക്കമുള്ളത്. രാത്രികാലങ്ങളിൽ കാഴ്ച മങ്ങാനും ഡ്രൈവർമാരുടെ പ്രതികരണ വേഗത കുറയ്ക്കാനും ഇവ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ഇത് അപകടങ്ങൾ വർദ്ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, മുതിർന്ന പൗരന്മാർ, കാഴ്ചശക്തി കുറഞ്ഞവർ എന്നിവരെയാണ് ഈ വെളിച്ചം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ടാണ് ഷോൺ ഓർ  പ്രമേയം അവതരിപ്പിച്ചത്.ഹെഡ്‌ലൈറ്റുകളുടെ വെളിച്ചത്തിന് വ്യക്തമായ പരിധി നിശ്ചയിക്കാൻ ഫെഡറൽ സർക്കാരിനോട് ഈ പ്രമേയം ആവശ്യപ്പെടുന്നു. ബീം പാറ്റേണുകൾക്കും ലൈറ്റുകളിൽ വരുത്തുന്ന മാറ്റങ്ങൾക്കും കർശനമായ നിയമങ്ങൾ വേണമെന്നും പ്രമേയത്തിലുണ്ട്. ഐക്യകണ്ഠേന പാസാക്കിയ ഈ പ്രമേയം ജൂണിൽ എഡ്മന്റണിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ കൂടുതൽ ചർച്ച ചെയ്യും.