പി പി ചെറിയാന്‍
98-ാമത് അക്കാദമി അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ 'ഹോംബൗണ്ട്' (Homebound) അവസാന പട്ടികയില്‍ നിന്ന് പുറത്തായി. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ അവസാന അഞ്ച് ചിത്രങ്ങളില്‍ ഇടംനേടാന്‍ ഈ ഹിന്ദി ചിത്രത്തിന് സാധിച്ചില്ല. അതേസമയം, ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സംവിധായിക ഗീത ഗാന്ധ്ബീറിന്റെ രണ്ട് ചിത്രങ്ങള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി നോമിനേഷന്‍ നേടി.
നീരജ് ഘയവാന്‍ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' ആദ്യ 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നെങ്കിലും അന്തിമ നോമിനേഷന്‍ ലഭിച്ചില്ല. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ എന്നിവര്‍ അഭിനയിച്ച ചിത്രം ജാതി വിവേചനത്തെയും ദാരിദ്ര്യത്തെയുമാണ് പ്രമേയമാക്കിയത്.
ഗീത സംവിധാനം ചെയ്ത 'The Perfect Neighbor' മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിലും, 'The Devil is Busy' മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തിലും നോമിനേഷന്‍ സ്വന്തമാക്കി. വംശീയ വിവേചനവും സ്ത്രീകളുടെ പ്രത്യുല്‍പാദന അവകാശങ്ങളുമാണ് ഈ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
ബ്രസീല്‍, ഫ്രാന്‍സ്, നോര്‍വേ, സ്‌പെയിന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള അന്തിമ പട്ടികയിലുള്ളത്.
ഇതുവരെ ഇന്ത്യയില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് (മദര്‍ ഇന്ത്യ, സലാം ബോംബെ, ലഗാന്‍) ഈ വിഭാഗത്തില്‍ അവസാന അഞ്ചില്‍ എത്തിയിട്ടുള്ളത്.
മാര്‍ച്ച് 15 ന് ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും.