സെന്റ് പോള്‍ ചര്‍ച്ച് ആക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍; കര്‍ശന നടപടിയുമായി യുഎസ് ഭരണകൂടം

By: 600002 On: Jan 23, 2026, 8:22 AM



 

 

പി പി ചെറിയാന്‍

മിനസോട്ട: മിനസോട്ടയിലെ സെന്റ് പോളിലുള്ള ചര്‍ച്ച് ഓഫ് സിറ്റീസില്‍ (Cities Church) ഞായറാഴ്ച നടന്ന പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ ഫെഡറല്‍ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. യുഎസ് അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടി വ്യാഴാഴ്ചയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.

മനുഷ്യാവകാശ അഭിഭാഷകയായ നെക്കിമ ലെവി ആംസ്‌ട്രോങ്ങ്, സെന്റ് പോള്‍ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ ക്ലര്‍ക്ക് ചൗണ്ടില്‍ ലൂയിസ അല്ലന്‍, പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വില്യം കെല്ലി എന്നിവരാണ് അറസ്റ്റിലായത്.

ആരാധനാലയത്തിനുള്ളില്‍ വിശ്വാസികള്‍ക്കിടയില്‍ കടന്നുകൂടിയ പ്രതിഷേധക്കാര്‍ ശുശ്രൂഷയ്ക്കിടെ മുദ്രാവാക്യം വിളിക്കുകയും ബഹളം വെക്കുകയും ചെയ്തു. പള്ളിയുടെ പാസ്റ്റര്‍മാരില്‍ ഒരാള്‍ ഐസ് (ICE  ഇമിഗ്രേഷന്‍ വിഭാഗം) ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ (BLM) പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.

ജനുവരി 7-ന് ഐസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ റെനി നിക്കോള്‍ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്.

'ആരാധനാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല' എന്ന് അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടി കര്‍ശന മുന്നറിയിപ്പ് നല്‍കി. എഫ്.ബി.ഐ (FBI) ആണ് കേസ് അന്വേഷിക്കുന്നത്.

കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.