നാല് വർഷത്തോളം പൈലറ്റായി ആൾമാറാട്ടം നടത്തി നൂറുകണക്കിന് വിമാനയാത്രകൾ സൗജന്യമായി ചെയ്ത ടൊറൻ്റോ സ്വദേശിയെ യുഎസ് അധികൃതർ പിടികൂടി. 33 വയസ്സുകാരനായ ഡാളസ് പോകോർണിക് എന്ന മുൻ ഫ്ലൈറ്റ് അറ്റൻഡൻ്റാണ് വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മൂന്ന് പ്രമുഖ വിമാനക്കമ്പനികളെ കബളിപ്പിച്ചത്. പൈലറ്റുമാർക്കും മറ്റ് ക്രൂ അംഗങ്ങൾക്കുമായി മാറ്റിവച്ചിട്ടുള്ള സീറ്റുകൾ നേടാൻ ഇയാൾ പൈലറ്റാണെന്ന് അവകാശപ്പെടുകയായിരുന്നു.
ജനുവരിയിൽ പാനമയിൽ വെച്ച് അറസ്റ്റിലായ ഇയാളെ വിചാരണയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് അമേരിക്കയ്ക്ക് കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പോകോർണിക് തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചിട്ടുണ്ട്. ടൊറൻ്റോ ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനിയിൽ 2017 മുതൽ 2019 വരെ ജോലി ചെയ്തിരുന്ന പരിചയം ഉപയോഗിച്ചാണ് പോകോർണിക് വ്യാജരേഖകൾ നിർമ്മിച്ചത്. പലപ്പോഴും പൈലറ്റുമാർക്ക് മാത്രം അനുവദനീയമായ കോക്പിറ്റിലെ 'ജമ്പ് സീറ്റുകൾ' വരെ ഇയാൾ ഇത്തരത്തിൽ കൈക്കലാക്കിയിരുന്നു. ഹൊണോലുലു, ചിക്കാഗോ, ടെക്സസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർലൈനുകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടത്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷയും രണ്ടരലക്ഷം അമേരിക്കൻ ഡോളർ പിഴയും ലഭിക്കാവുന്ന വഞ്ചനാക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.