പി പി ചെറിയാന്‍
പെന്‍സില്‍വേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളില്‍ തനിയെ ഇരുത്തി വാള്‍മാര്‍ട്ടില്‍ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെന്‍സില്‍വേനിയയിലെ വാറിംഗ്ടണ്‍ സ്വദേശിനിയായ ടിന ഡികാര്‍ളയാണ് പിടിയിലായത്.
ജനുവരി 10-ന് വൈകുന്നേരം വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ലോഡില്‍ കാര്‍ നിര്‍ത്തിയ ടിന, കുഞ്ഞിനെ മുന്‍സീറ്റില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ഇരുത്തിയ ശേഷം സ്റ്റോറിലേക്ക് പോയി. 20 മിനിറ്റിലധികം കുഞ്ഞ് കാറില്‍ തനിച്ചായിരുന്നു.
കാറിനുള്ളില്‍ കുഞ്ഞ് തനിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് വരുന്നതുവരെ അവിടെ നില്‍ക്കാന്‍ സാക്ഷി ആവശ്യപ്പെട്ടെങ്കിലും ടിന കുഞ്ഞുമായി അവിടെനിന്ന് രക്ഷപ്പെട്ടു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആറുദിവസത്തിന് ശേഷം ഇവരെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ടിനയുടെ പേരില്‍ മറ്റ് ചില കേസുകളിലും നേരത്തെ വാറണ്ട് ഉണ്ടായിരുന്നു.
കുട്ടിയുടെ ക്ഷേമത്തിന് ഭീഷണി ഉയര്‍ത്തിയതിനും അശ്രദ്ധമായി കുട്ടിയെ വാഹനത്തില്‍ ഉപേക്ഷിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി കോടതി നിശ്ചയിച്ചിരിക്കുന്നത്.
നിലവില്‍ ജയിലില്‍ കഴിയുന്ന ടിനയ്ക്ക് സ്വന്തം കുഞ്ഞിനെ കാണുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേസ് ഫെബ്രുവരി 9-ന് കോടതി വീണ്ടും പരിഗണിക്കും.